ശ്രീജിത്തിനു പിന്നാലെ സന്തോഷ്; ദളിത് യുവാവ് ആത്മഹത്യ ചെയ്തത് പൊലീസ് ഭീഷണിയെ തുടര്‍ന്നെന്നാരോപണം
Custodial Death
ശ്രീജിത്തിനു പിന്നാലെ സന്തോഷ്; ദളിത് യുവാവ് ആത്മഹത്യ ചെയ്തത് പൊലീസ് ഭീഷണിയെ തുടര്‍ന്നെന്നാരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th April 2018, 10:11 pm

പാലക്കാട്: വരാപ്പുഴ കസ്റ്റഡി മരണത്തിന് പിന്നാലെ ദളിത് യുവാവിന്റെ ആത്മഹത്യയിലും പൊലീസിനെതിരെ ആക്ഷേപം. പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷ് ആണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസത്തെ ദളിത് ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞത് സന്തോഷ് ആണെന്ന് പൊലീസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് സന്തോഷിനോട് ഇതിന് നഷ്ടപരിഹാരം അടയ്ക്കണമെന്നാവശ്യപ്പെട്ട് കസബ എ.എസ്.ഐ ഭീഷണി മുഴക്കിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സന്തോഷിന്റെ മരണത്തിന് കാരണക്കാരയാവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് – പൊള്ളാച്ചി റോഡി ജനങ്ങള്‍ ഉപരോധിക്കുകയാണ്. അതേസമയം വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മൃതദേഹവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചിരുന്നു.


Also Read ‘സി.പി.ഐ.എം പ്രവര്‍ത്തകര്‍ പൊലീസുകാരനെ തന്റെ വാഹനത്തിനു മുന്നിലേക്ക് പിടിച്ചു തള്ളുകയായിരുന്നു’; വിശദീകരണവുമായി വി.ടി. ബല്‍റാം


തുടര്‍ന്ന് മുന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം ദേവസ്വം പാടത്ത് വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ പ്രതിയെന്നാരോപിച്ചാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

വെള്ളിയാഴ്ച വാരാപ്പുഴ ദേവസ്വം പാടത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്‌ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം.

ആന്തരിക രക്തസ്രാവവും ഛര്‍ദ്ദി, മൂത്ര തടസം എന്നിവയ്ക്കാണ് ശ്രീജിത്ത് ചികിത്സ തേടിയത്. ഇന്നലെ വൈകിട്ടോടെ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് സ്വമേധയാ കേസെടുത്തിരുന്നു. ശ്രീജിത്തിന് പൊലീസ് മര്‍ദ്ദനമേറ്റതായും അതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ക്ഷേത്രത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാവാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.


Also Read എം.എം അക്ബര്‍ പറഞ്ഞത് കള്ളം; പീസ് സ്‌കൂളിലെ അധ്യാപകരിലും രക്ഷിതാക്കളിലും ഡയറക്ടര്‍മാരിലും ഐ.എസ് അനുകൂലികള്‍: ആരോപണവുമായി ഐ.എസ് കേന്ദ്രത്തിലെ മലയാളി


വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീജിത്തും സംഘവും ആയുധങ്ങളുമായി വാസുദേവന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഈ സമയം വാസുദേവനും ഭാര്യ സീതയും മകന്‍ വിനീഷും മകള്‍ വിനീതയും വിനീതയുടെ രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകന്‍ വിനീഷിനെ സംഘം വടിവാള്‍ കൊണ്ട് വെട്ടി. വിനീതയുടെ മകള്‍ മൂന്നുവയസ്സുള്ള നിഖിതയെ അക്രമികള്‍ വലിച്ചെറിഞ്ഞു.

അതേസമയം വാരാപ്പുഴ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് വെളിപ്പെടുത്തിയിരുന്നു.