| Friday, 12th April 2019, 2:50 pm

കുസാറ്റ് വി.സി നിയമനം; യു.ജി.സി മാനദണ്ഡങ്ങള്‍ക്കൊപ്പം പുതിയ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്ത് സെര്‍ച്ച് കമ്മിറ്റി, പിന്നാക്കക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക

ജിതിന്‍ ടി പി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിന്ന് പിന്നാക്ക സമുദായംഗങ്ങളെ വെട്ടിനിരത്തിയതായി റിപ്പോര്‍ട്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് പുറമെ പുതിയ വ്യവസ്ഥ ഏര്‍പ്പെടുത്തിയതാണ് പിന്നാക്ക സമുദായംഗങ്ങള്‍ക്ക് തിരിച്ചടിയായത്.

പ്രൊഫസറെന്ന നിലയില്‍ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമാണ് വൈസ് ചാന്‍സലര്‍ നിയമനത്തിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി) നിശ്ചയിച്ച പ്രധാനയോഗ്യത. എന്നാല്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയായതിനാല്‍ ആ രംഗത്തുനിന്നുള്ള വ്യക്തിയെ വൈസ് ചാന്‍സലറായി നിയമിച്ചാല്‍ മതിയെന്ന് ചീഫ് സെക്രട്ടറി കണ്‍വീനറായ മൂന്നംഗ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.

ഉന്നത വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച അപേക്ഷാ വിജ്ഞാപനത്തില്‍ നേരത്തെ ഈ വ്യവസ്ഥ ഇല്ലായിരുന്നു. പുതിയ വ്യവസ്ഥ മൂലം ഭാഷാ, സാമൂഹ്യ വിഷയങ്ങളിലെ അപേക്ഷകര്‍ ഒഴിവായി.

എന്നാല്‍ ഇത്തരമൊരു വിജ്ഞാപനത്തെക്കുറിച്ച് അറിയില്ലെന്നാണ് കുസാറ്റിലെ താല്‍ക്കാലിക വി.സിയായ പ്രൊഫ. ആര്‍ ശശിധരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘യു.ജി.സിയുടെ നിയമപ്രകാരം 10 വര്‍ഷം മിനിമം അധ്യാപകവൃത്തിയിലുള്ളവരെയാണ് വി.സിയായി പരിഗണിക്കാറുള്ളത്. അതല്ലാതെ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ എന്നുള്ളതൊന്നും പറയുന്നില്ല. സെര്‍ച്ച് കമ്മിറ്റി അങ്ങനെ ഒരു തീരുമാനം എടുത്തോയെന്ന് അറിയില്ല. തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ എന്തെങ്കിലും മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ആ കമ്മിറ്റിയ്ക്ക് അതിനുള്ള പൂര്‍ണ്ണമായ അധികാരമുണ്ട്. നിലവില്‍ അതിനെക്കുറിച്ച് അറിവൊന്നുമില്ല.’- ശശിധരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളിലെ നിരവധി പേര്‍ പുതിയ നിബന്ധന മൂലം വൈസ് ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കപ്പെടാതെ പോയിട്ടുണ്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. കുസാറ്റ് വി.സിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന വ്യക്തിയും ഇതുമൂലം ഒഴിവായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുസാറ്റ് പോലെ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രശസ്തമായ സ്ഥാപനത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കാന്‍ നടത്തിയ ആസൂത്രിത നീക്കമാണിതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ ഡോ.ജെ. ലത വിരമിച്ചതിനെ തുടര്‍ന്നാണ് കുസാറ്റില്‍ ഒഴിവുവന്നത്. ഇതിനെ തുടര്‍ന്ന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കുന്നതിലും പിന്നാക്ക വിരുദ്ധനീക്കം നടന്നിരുന്നു. ചട്ടപ്രകാരം കുസാറ്റിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകനാണ് താത്കാലിക ചുമതല നല്‍കേണ്ടത്. പട്ടികജാതി സമുദായാംഗമായ ഹിന്ദി വകുപ്പിലെ ഡോ.എസ്. ശശിധരനായിരുന്നു ചുമതല നല്‍കേണ്ടത്.

എന്നാല്‍ ഇതിന് പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കാന്‍ ശ്രമം നടന്നിരുന്നു. വിവരം ശ്രദ്ധയില്‍പ്പെട്ട സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ്. പി. സദാശിവം ഇടപെട്ടു. ഗവര്‍ണര്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയതോടെ ഡോ.എസ്. ശശിധരന് ചുമതല നല്‍കുകയായിരുന്നുവെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ നവംബര്‍ മുതല്‍ ശശിധരനാണ് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്നത്. കേരളത്തിലെ വൈസ് ചാന്‍സലര്‍മാരില്‍ പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട ഏക വ്യക്തിയാണ് ഡോ. ആര്‍. ശശിധരന്‍. പുതിയ മുഴുവന്‍ സമയ വൈസ് ചാന്‍സലറെ നിയമിക്കുന്നതിനായി ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. യു.ജി.സി. പ്രതിനിധി ഡോ. എം. ജഗദീഷ് കുമാര്‍ (വൈസ് ചാന്‍സലര്‍, ജെ.എന്‍.യു.), ഡോ. ബി. ഇക്ബാല്‍ (സിന്‍ഡിക്കേറ്റ് പ്രതിനിധി), ടോം ജോസ് (ചീഫ് സെക്രട്ടറി) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പുതിയ വൈസ് ചാന്‍സലറെ നിയമിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. 16 പേര്‍ അപേക്ഷിച്ചു. നാലുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇതില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആരുമില്ല.

ചുരുക്കപ്പട്ടികയിലെ നാലു പേരെ അടുത്തയാഴ്ച സമിതി അഭിമുഖം നടത്തും. കുസാറ്റിലെ മൂന്ന് അധ്യാപകരും എം.ജി സര്‍വകലാശാലയിലെ ഒരാളുമാണ് പട്ടികയിലുള്ളത്.

നേരത്തെ എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലറെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ ഇനി ഒഴിവുവരുന്ന വി.സി. നിയമനങ്ങളില്‍ യു.ജി.സി. നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വൈസ് ചാന്‍സലറാകാന്‍ പ്രഫസര്‍ തസ്തികയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കണമെന്നും പ്രോ- വൈസ് ചാന്‍സലറാകാന്‍ പ്രഫസര്‍ ആയിരിക്കണമെന്നുമാണു യു.ജി.സി. നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒഴിവുണ്ടായ കണ്ണൂര്‍, സംസ്‌കൃതം, കലാമണ്ഡലം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ 2009 ലെ യു.ജി.സി. മാനദണ്ഡപ്രകാരമാണു നടത്തിയത്.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more