| Wednesday, 12th July 2023, 8:57 pm

കളി തുടങ്ങിയില്ല, അതിന് മുമ്പേ വിമര്‍ശനം; വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെയും ക്യാപ്റ്റനെതിരെയും ആഞ്ഞടിച്ച് ആംബ്രോസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ഡൊമനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കിലാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

എന്നാല്‍ മത്സരത്തിന് മുമ്പ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ നിശിതമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളും ക്രിക്കറ്റ് ഇതിഹാസവുമായ കര്‍ട്‌ലി ആംബ്രോസ്. മത്സരത്തിന് പിച്ച് ഒരുക്കിയതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാണ് ആംബ്രോസ് വിമര്‍ശനമുന്നയിച്ചത്.

ഗ്രൗണ്ടില്‍ ആവശ്യത്തിന് പുല്ല് (ഗ്രാസ്) ഇല്ലാത്തതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

‘ഏതൊരു മത്സരത്തിലായാലും പിച്ചില്‍ ഗ്രാസ് ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്തിനാണ് ഗ്രാസ് മുഴുവനും മാറ്റിയതെന്ന് എനിക്ക് മനസിലാകുന്നില്ല. പിച്ച് അതുപോലെയാണ് കാണപ്പെടുന്നത്.

മത്സരത്തില്‍ ടോസ് വിജയിച്ചതിന് പിന്നാലെ ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

‘ഈര്‍പ്പത്തിന്റെ ആനുകൂല്യം മുതലാക്കാന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ആദ്യം ബൗളിങ് തെരഞ്ഞെടുക്കണമായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരെ അറ്റാക് ചെയ്യാന്‍ നമ്മുടെ ബൗളേഴ്‌സിന് മികച്ച അവസരമായിരുന്നു അത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തുടരുകയാണ്. നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 38 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ്. 44 പന്തില്‍ നിന്നും 12 റണ്‍സ് നേടിയ തഗനരെയ്ന്‍ ചന്ദ്രപോളിന്റെ വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. ആര്‍. അശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് തഗനരെയ്ന്‍ മടങ്ങിയത്.

43 പന്തില്‍ മൂന്ന് ബൗണ്ടറിയുടെ അകമ്പടിയോടെ 20 റണ്‍സുമായി ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റും ഒമ്പത് പന്തില്‍ നിന്നും റണ്ണൊന്നും നേടാതെ റെയ്മണ്‍ റീഫറുമാണ് ക്രീസില്‍.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റന്‍), തഗനരെയ്ന്‍ ചന്ദ്രപോള്‍, റെയ്മണ്‍ റീഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്‌വുഡ്, ജോഷ്വാ ഡി സില്‍വ (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, റഹ്കീം കോണ്‍വാള്‍, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വാരികന്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍, ജയ്‌ദേവ് ഉനദ്കട്. മുഹമ്മദ് സിറാജ്.

Content Highlight: Curtly Ambrose slams West Indies cricket board

We use cookies to give you the best possible experience. Learn more