രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുന്നത് ഇന്ത്യയുടെ ശാപം: കിരൺ റിജിജു
India
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുന്നത് ഇന്ത്യയുടെ ശാപം: കിരൺ റിജിജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2024, 3:45 pm

ന്യൂദൽഹി: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുന്നത് ഇന്ത്യയുടെ ശാപമെന്ന വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ കിരൺ റിജിജു. വെള്ളിയാഴ്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി ഭരണഘടന വായിക്കുകയോ അതിൻ്റെ ആത്മാവ് മനസ്സിലാക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭരണഘടന വായിക്കുകയോ ഭരണഘടനയുടെ ആത്മാവ് മനസ്സിലാക്കുകയോ ചെയ്യാത്ത വ്യക്തിയാണ് അദ്ദേഹത്തിന്റെ കുടുംബമെന്നും അവർ  ബാബാ സാഹിബ് അംബേദ്കറുടെ കുടുംബത്തെ അപമാനിച്ചെന്നും അദ്ദേഹം ഭരണഘടനാ എന്ന വാക്ക് ഉപയോഗിക്കുന്നത് പോലും അപമാനകരമാണെന്നും റിജിജു പറഞ്ഞു.

‘രാഹുൽ ഗാന്ധിയെ പോലുള്ള ഒരാൾ ‘ഭരണഘടന’ എന്ന വാക്ക് പോലും സംസാരിക്കുന്നത് അപമാനമാണ്, അദ്ദേഹത്തെപ്പോലുള്ള ഒരാൾ ഭരണഘടനയിൽ തൊടുന്നത് പോലും അനുചിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയുള്ള ഒരാൾ പ്രതിപക്ഷ നേതാവായി മാറിയത് ഞങ്ങളുടെ ദൗർഭാഗ്യമാണ്,’ റിജിജു പറഞ്ഞു.

ഇതാദ്യമായല്ല രാഹുൽ ഗാന്ധിക്കെതിരെ റിജിജു ഇത്തരമൊരു ആക്രമണം നടത്തുന്നത്. കഴിഞ്ഞ മാസവും റിജിജു രാഹുൽ ഗാന്ധിക്കെതിരെ സമാനമായ ആക്രമണം നടത്തിയിരുന്നു. മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ പ്രാതിനിധ്യമില്ലായ്മയെ ചോദ്യം ചെയ്ത രാഹുൽ ഗാന്ധിയെ റിജിജു ബാലബുദ്ധിയെന്ന് അധിക്ഷേപിച്ചിരുന്നു.

‘പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇപ്പോൾ മിസ് ഇന്ത്യ മത്സരങ്ങളിലും സിനിമകളിലും സ്‌പോർട്‌സിലും സംവരണം വേണം. ഇത് ബാല ബുദ്ധിയാണ്,’ റിജിജു തന്റെ എക്സ് പോസ്റ്റിൽ കുറിച്ചിരുന്നു.

 

Content Highlight: Curse’ for India to have Rahul Gandhi as Leader of Opposition: Kiren Rijiju