| Saturday, 17th October 2015, 11:59 am

മുടി വളരാന്‍ കറിവേപ്പില എങ്ങനെ ഉപയോഗിക്കാം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറിവേപ്പിലയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ കറിവേപ്പിലയ്ക്കു കഴിയും. ഇതിനു പുറമേ മുടിയ്ക്കും കറിവേപ്പില വളരെ നല്ലതാണ്. കറിവേപ്പില മുടിയ്ക്ക് തിളക്കവും ആരോഗ്യവും പ്രദാനം ചെയ്യും. മുടിയുടെ സംരക്ഷണത്തിനുവേണ്ടി കറിവേപ്പില ഉപയോഗിക്കേണ്ടത് ഇങ്ങനെ:

ഹെയര്‍ ടോണിക് നിര്‍മ്മിക്കുക

കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും എടുക്കുക. രണ്ടും ഒരുമിച്ച് ചൂടാക്കുക. കറുത്ത വസ്തു രൂപപ്പെടുന്നതുവരെ ചൂടാക്കിക്കൊണ്ടിരിക്കുക. അതിനുശേഷം തണുക്കാന്‍ അനുവദിക്കുക. ഇത് നേരിട്ട് തലയില്‍ പുരട്ടാം. ഒരു മണിക്കൂറിനുശേഷം കഴുകി കളയാം.

ആഴ്ചയില്‍ രണ്ടു തവണ ഇത് പുരട്ടുക. പതിനഞ്ചുദിവസത്തിനുള്ളില്‍ നിങ്ങള്‍ക്കു മാറ്റം അനുഭവപ്പെട്ടു തുടങ്ങും. ഇത് മുടിവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം മുടി നരയ്ക്കുന്നതും തടയും.

ഹെയര്‍മാസ്‌ക് തയ്യാറാക്കുക

കറിവേപ്പില നന്നായി അരച്ചെടുക്കുക. അതില്‍ അല്പം തൈരു ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. അരമണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകാം. ഇത് മുടി വളരാന്‍ സഹായിക്കുന്നതിനൊപ്പം മുടിയെ തിളക്കമുള്ളതും സ്മൂത്തും ആക്കും.

കറിവേപ്പില ചായ

കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിലേക്ക് അല്പം നാരങ്ങനീരും പഞ്ചസാരയും ചേര്‍ക്കുക. ഒരാഴ്ച സ്ഥിരമായി ഈ ചായ കുടിക്കുക. ഇത് മുടിവളര്‍ച്ച വര്‍ധിപ്പിക്കും. ഇതിനു പുറമേ കറിവേപ്പില നേരിട്ടു കഴിക്കുന്നതും നല്ലതാണ്.

We use cookies to give you the best possible experience. Learn more