സ്‌പോര്‍ട്‌സ് മേഖലയിലെ എക്കാലത്തെയും ഐക്കണുകളാണ് ലേണല്‍ മെസ്സി, വിരാട് കോഹ്‌ലി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍. കരാറുകള്‍ നിക്ഷേപങ്ങള്‍ ബിസിനസുകള്‍ അംഗീകാരങ്ങള്‍ എന്നിവ അനുസരിച്ച് ദശലക്ഷക്കണക്കിന് രൂപയാണ് ഓരോരുത്തരും സമ്പാദിക്കുന്നത്. എന്നാല്‍ ആരാണ് ഏറ്റവും കൂടുതല്‍ ധനികനായ അത്‌ലറ്റ് എന്ന് അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
2024ന്റെ തുടക്കത്തില്‍ കളിക്കാരുടെ ആസ്തിയുടെ കണക്ക് പ്രകാരം ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാനാണ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ അത്‌ലറ്റ് എന്ന് പറഞ്ഞാല് വിശ്വസിക്കേണ്ടിവരും. ചിക്കാഗോ ബുള്‍സിന് വേണ്ടി തന്റെ ബാസ്‌ക്കറ്റ്‌ബോള്‍ കരിയര്‍ ആരംഭിച്ച ജോര്‍ദാന്റെ സമ്പത്ത് അളവറ്റതാണ്. കണക്കുകള്‍ പ്രകാരം മൂന്ന് ബില്യണിന് മുകളിലാണ് ജോര്‍ദാന്റെ സമ്പത്ത്. അതായത് ഏതാണ്ട് 24863 കോടി രൂപ. സമ്പത്തിന്റെ കാര്യത്തില്‍ ഫുട്‌ബോള്‍ ലോകത്തെ താരങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നു എന്ന് പരമ്പര്യം ജോര്‍ദാന്‍ പൊളിച്ചടുക്കിയത്.
മക്ഡൊണാള്‍ഡ്സ്, ഗറ്റോറേഡ്, ഹാന്‍സ്, നൈക്ക് തുടങ്ങിയ ഐക്കണിക് ബ്രാന്‍ഡുകളുമായുള്ള ഉയര്‍ന്ന പങ്കാളിത്തത്തിലൂടെ അദ്ദേഹം സ്പോര്‍ട്സ് സ്പോണ്‍സര്‍ഷിപ്പില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഏകദേശം 2.4 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു.
എന്‍.ബി.എയിലെ ഏറ്റവും കൂടുതല്‍ മൂല്യമുള്ള 27ാമത് ടീമായ ഷാര്‍ലറ്റ് ഹോര്‍നെറ്റ്‌സ് ജോര്‍ദന്റെ ഉടമസ്ഥതയില്‍ ആയിരുന്നു. ഈ ഉടമസ്ഥത പൂര്‍ണ്ണമായും ഒഴിഞ്ഞ് മൂന്ന് ബില്യണ്‍ രൂപയുടെ ഇടപാടാണ് താരം കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയത്.