ന്യൂദൽഹി: അയോധ്യ, മഥുര, കാശി ഹിന്ദുക്കൾക്ക് വിട്ട് നൽകിയിരുന്നെങ്കിൽ മുസ്‌ലിം പള്ളികൾക്ക് മേലുള്ള അവകാശവാദങ്ങൾ വർധിക്കില്ലായിരുന്നെന്ന് വി.എച്ച് .പി.
അയോധ്യ, മഥുര, കാശി എന്നിവിടങ്ങളിലെ തർക്കഭൂമികൾ സ്വമേധയാ ഹിന്ദുക്കൾക്ക് വിട്ടുനൽകുന്നതിൽ മുസ്‌ലിം സമുദായം പരാജയപ്പെട്ടെന്നും, തൽഫലമായി ഹിന്ദുക്കൾക്കിടയിൽ രോഷം ഉണ്ടാക്കി എന്നും അത് മുസ്‌ലിം സ്മാരകങ്ങളിൽ ഹിന്ദുക്കൾ അവകാശവാദം ഉന്നയിക്കുന്ന ഹരജികളുടെ എണ്ണം വർധിക്കുന്നതിന് കാരണമെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ വാദം.
‘1984 മുതൽ ഹിന്ദുക്കൾ ആവശ്യപ്പെടുന്ന കാശിയും മഥുരയും ഉണ്ടായിരുന്നെങ്കിൽ നിലവിലെ സാഹചര്യം ഉണ്ടാകുമായിരുന്നില്ല,’ വിശ്വഹിന്ദു പരിഷത്ത് സംഘടനാ ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ പറഞ്ഞു.
ക്ഷേത്ര-മസ്ജിദ് തർക്കങ്ങൾ വീണ്ടും ഉയരുന്നതിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ് ) തലവൻ മോഹൻ ഭഗവത് അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു . വർഗീയ ചേരിതിരിവ് ഉണ്ടാക്കി ആരും ഹിന്ദുക്കളുടെ നേതാവാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ക്യാമ്പയ്‌നിന്റെ ഭാഗമായി സംസാരിച്ച പരാണ്ഡെ, ഭഗവതിൻ്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പറഞ്ഞു.
‘1984ൽ ഒരു ധർമ സൻസദ് സംഘടിപ്പിച്ചിരുന്നു. ഇതിൽ അയോധ്യ, കാശി, മഥുര ഞങ്ങൾക്ക് തരൂ, മറ്റ് വിഷയങ്ങളിൽ ബഹളമൊന്നും ഉണ്ടാകില്ല എന്നാണ് പറഞ്ഞത്. ഇപ്പോൾ ഏകദേശം 2025 ആണ്. 1984-ൽ നിർദേശിച്ച കാര്യങ്ങൾ യാഥാർത്ഥ്യമാകാത്തത് നിലവിലെ സാഹചര്യങ്ങളിലേക്ക് നയിച്ചു,’ മിലിന്ദ് പരാണ്ഡെ പറഞ്ഞു.
സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കണമെങ്കിൽ അയോധ്യയിലെ രാമജന്മഭൂമി, മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം എന്നിവ ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡിനോട് (എ.ഐ.എം.പി.എൽ.ബി) ആവശ്യപ്പെട്ടു.
Content Highlight: Current situation would not have arisen if Hindus had Kashi and Mathura, says VHP clearing the air on Mohan Bhagwat’s comments