'ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം'; സദാചാര ആക്രമണത്തില്‍ ചര്‍ച്ചയായ സി.ഇ.ടി കോളേജിലെ വെയ്റ്റിങ് ഷെഡ് ഇന്ന്
Kerala News
'ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം'; സദാചാര ആക്രമണത്തില്‍ ചര്‍ച്ചയായ സി.ഇ.ടി കോളേജിലെ വെയ്റ്റിങ് ഷെഡ് ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th September 2022, 9:59 pm

തിരുവനന്തപുരം: തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ നടന്ന സദാചാര ആക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നരമാസം മുമ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ കൊണ്ടാടിയതാണ്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കിയിരുന്നു. നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ സംഭവം ചര്‍ച്ചയാവുകയും ചെയ്തു.

ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

തുടര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ വെയിറ്റിങ് ഷെഡ് പുതുക്കി നിര്‍മിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ വെയിറ്റിങ് ഷെഡ് ആയിരിക്കും എന്ന് മേയര്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ പഴയതുപോലെ തന്നെ തുടരുകയാണ് വെയിറ്റിങ് ഷെഡ്.

ശ്രീകൃഷ്ണനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വെയിറ്റിങ്ങ് ഷെഡ് പെയിന്റൊക്കെ അടിച്ച് ഏറ്റെടുത്തിട്ടുണ്ട്. പഴയത് പോലെ പ്രത്യേകം പ്രത്യകം സീറ്റുകളാണ് ഇപ്പോഴുമുള്ളത്. ‘ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം’ എന്ന് ഇവിടെ പ്രത്യേകം എഴുതിവെച്ചിട്ടുമുണ്ട്.

നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംഭവത്തില്‍ സദാചാരവാദികള്‍ ജയിച്ചെന്നാണ് വെയിറ്റിങ് ഷെഡിന്റെ ഇപ്പോഴത്തെ അവസ്ഥ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് ആളുകള്‍ എഴുതുന്നത്.

മേയര്‍ പ്രഖ്യാപിച്ചത് പോലെ പുതിയ ജെന്‍ഡര്‍ ന്യൂട്രല്‍ വെയ്റ്റിങ് ഷെഡ് വരിക തന്നെ വേണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.