പാകിസ്ഥാനിന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ വെട്ടിനിരത്തല്‍; പുതിയ ചീഫ് സെലക്ടറേയും ബാറ്റിങ് കോച്ചിനേയും പ്രഖ്യാപിക്കും
ഈഡന്‍ ഗാര്‍ഡന്‍സില്‍ നവംബര്‍ 11ന് ഇംഗ്ലണ്ടുമായുള്ള അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ ബാബറും സംഘവും 2023 ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു.
പാകിസ്ഥാന്റെ പരാജയത്തിന് പുറമെ സക്കാ അറഫിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ സെലക്ഷന്‍ കമ്മിറ്റിയേയും പുറത്താക്കിയിരിക്കുകയാണ് പി.സി.ബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്). ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖും ബൗളിങ് കോച്ചായ മോണി മോര്‍ക്കലും നേരത്തെ തന്നെ ടീം വിട്ടിരുന്നു. ജി.എന്‍.എം പറയുന്നതനുസരിച്ച് ഷാഹിദ് അഫ്രിദി പുതിയ സെലക്ഷന്‍ കമ്മിറ്റി തലവന്‍ ആകാനാണ് സാധ്യത. അതേസമയം യൂനിസ് ഖാനെ ബാറ്റിങ് കോച്ചായി ടീമില്‍ ഉള്‍പ്പെടുത്താനും ബാക്കിയുള്ള കമ്മിറ്റി അംഗങ്ങളെ ഉടന്‍ നിയമിക്കുകയും ചെയ്യും. ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയാണ് അവരുടെ ആദ്യത്തെ ദൗത്യം.
ആറുമാസത്തെ കരാറ് അവസാനിച്ചതോടെയാണ് മോര്‍കല്‍ രാജിവെച്ചത്. പുതിയ ബൗളിങ് പരിശീലകനെയും പി.ബി.സി അന്വേഷിക്കുന്നുണ്ട്. ഒമ്പത് മത്സരത്തില്‍ നിന്നും നാല് വിജയം മാത്രം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും മടങ്ങിയത്. ടൂര്‍ണമെന്റില്‍ മോശം പ്രകടനം കാഴ്ചവെച്ചതില്‍ ബാബറിനും സംഘത്തിനും നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
മുന്‍ പാക് താരങ്ങളായ ഷാഹിദ് അഫ്രിദി, വസിം അക്രം, ഷോയ്ബ് മാലിക് എന്നിവര്‍ നേരത്തെ വിമര്‍ശനവുമായി വന്നിരുന്നു. അഫ്രീദി പുതിയ സെലക്ഷന്‍ കമ്മിറ്റി തലവന്‍ ആവുകയാണെങ്കില്‍ ബാബര്‍ അസമിനെ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള സാധ്യതകളും ഏറെയാണ്. 2023 ലോകകപ്പില്‍ നിര്‍ണായക ഘട്ടത്തില്‍ പാകിസ്ഥാന് മികച്ചരീതിയില്‍ ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും കഴിഞ്ഞില്ലായിരുന്നു.
2023 ലോകകപ്പില്‍ ബാബര്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും വെറും നാല് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് നേടിയത്. ടൂര്‍ണമെന്റില്‍ 320 റണ്‍സ് മാത്രം നേടിയ ബാബര്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നില്ല കാഴ്ച്ചവച്ചതെന്ന് അഫ്രീദി പറയുന്നു. നിരന്തരമായ തോല്‍വികള്‍ ഏറ്റുവാങ്ങിയപ്പോള്‍ കളിക്കാരെ പ്രചോദിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. സമ്മര്‍ദ ഘട്ടങ്ങളില്‍ ടീമിനെ സഹായിക്കാന്‍ ബാബറിന് കഴിഞ്ഞില്ലെന്നും അഫ്രീദി ഉയര്‍ത്തിക്കാട്ടിയിരുന്നു.
Content Highlight: Current Pakistan Cricket Board members sacked