ഗുസ്തി താരങ്ങളുടെ സമരത്തിന് കായിക രംഗത്തുനിന്ന് ലഭിച്ചത് പരിമിതമായ പിന്തുണ. ഒളിമ്പിക് ഗോള്‍ഡ് മെഡലിസ്റ്റ് നീരജ് ചോപ്ര, ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ, മുന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ അനില്‍ കുബ്ലെ, കപില്‍ ദേവ്, മുന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍, മുന്‍ ബാറ്റര്‍ മനോജ് തിവാരി, ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ബോക്‌സര്‍ വിജേന്ദര്‍ സിങ്ങ് തുടങ്ങി വിരലിലെണ്ണാവുന്ന പിന്തുണ മാത്രമാണ് ഗുസ്തി താരങ്ങള്‍ക്ക് ലഭിച്ചത്.
ഇതില്‍ ഏറ്റവും ചര്‍ച്ചയാകുന്നത് ഇന്ത്യന്‍ കായികരംഗത്ത് കൂടുതല്‍ സ്വാധീനവും പണം സമ്പാദിക്കുന്നവരുമായ ക്രിക്കറ്റ് താരങ്ങളാരും വിഷയത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചര്‍ച്ച.
ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം ഒരുമാസം പിന്നിടുമ്പോഴാണ് കായിക രംഗത്തെ ഈ നിശ്ബദത. ഗുസ്തി താരങ്ങളുടെ സമരവേദി ദല്‍ഹി പൊലീസ് പൂര്‍ണമായും പൊളിച്ചുമാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് താരങ്ങള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരുന്നു.
ഇതുകൂടാതെ നടുറോട്ടില്‍ വെച്ച് ക്രൂരമായി താരങ്ങളെ അക്രമിക്കുകയും ചെയ്തിരന്നു. ഈ സാഹചര്യത്തിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പോലും പ്രമുഖ താരങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ എന്ത് വര്‍ഗസ്‌നേഹമാണ് ഇവര്‍ക്കുള്ളതെന്നും ആളുകള്‍ ചോദിക്കുന്നു.
അതേസമയം, മെഡലുകള്‍ ഗംഗയിലൊഴുക്കാനെത്തിയ ഗുസ്തി താരങ്ങളെ കര്‍ഷക നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരും പൊലീസും നോക്കുകുത്തി ആയിടത്താണ് താരങ്ങളെ ആശ്വസിപ്പിക്കാനും അസാധാരണമായ സമരരീതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും കര്‍ഷക നേതാക്കള്‍ ഓടിയെത്തിയത്.
അഞ്ച് ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കില്‍ ഗംഗയില്‍ ഒഴുക്കാന്‍ തിരിച്ചെത്തുമെന്നും താരങ്ങള്‍ കര്‍ഷക നേതാക്കളെ അറിയിച്ചു. ജാട്ട് വിഭാഗത്തിലെ പ്രധാന നേതാക്കളായ രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും ഉള്‍പ്പെടെയുള്ള കര്‍ഷകരാണ് താരങ്ങളെ നേരിട്ടെത്തി താരങ്ങളെ ആശ്വസിപ്പിച്ചത്.
Content Highlight: Current cricketers don’t say a word in wrestlers’ strike; Limited support from sports