കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബനാര്‍ജിക്കെതിരെ പരാതിയുമായി യുവമോര്‍ച്ച രംഗത്ത്. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ അഥവാ എന്‍.ആര്‍.സി യെ വിമര്‍ശിച്ച് മമത നടത്തിയ പ്രകോപനപരമായ പ്രസ്താവനയാണ് പരാതി നല്‍കാന്‍ കാരണം.
അസമിലെ ദേശീയ പൗരത്വപട്ടിക രജിസ്‌ട്രേഷനെതിരെ മമത നടത്തിയ വിമര്‍ശനം ജനങ്ങള്‍ക്കിടയില്‍ ആശങ്കകളും സംഘര്‍ഷങ്ങളും വര്‍ധിപ്പിക്കുന്നു. അസാമിലെ ജനങ്ങളുടെ അവസ്ഥയെ പരിഹസിക്കുന്ന വിദ്വേഷകരമായ പ്രസ്താവനയാണ് മമത നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
ALSO READ: ഒരാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബി.ജെ.പി ആരാണ്; ഇവിടെ രക്തപ്പുഴ ഒഴുകുമെന്നും മമത
അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷം പേരെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. ഒരാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബി.ജെ.പി ആരാണെന്നും അവര്‍ മാത്രമാണോ ഇന്ത്യക്കാരായുള്ളതെന്നുമായിരുന്നു മമതയുടെ വിമര്‍ശനം.
അവരെ പുറത്താക്കാനുള്ള നടപടി രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് കളമൊരുക്കുമെന്നും ഇവിടെ രക്തപ്പുഴ ഒഴുകുമെന്നും മമത പറഞ്ഞിരുന്നു.
“ബി.ജെ.പി ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ അസമില്‍ എങ്ങനെ ജീവിക്കും, എവിടെ നിന്ന് ഭക്ഷണം കഴിക്കും. എവിടെ അഭയം തേടും. ഒരാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബി.ജെ.പി ആരാണ്. അവര്‍ മാത്രമാണോ ഇന്ത്യക്കാരായുള്ളത്”.മമത പറഞ്ഞിരുന്നു.
അതേസമയം, മമത ബാനര്‍ജി ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മമത വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത്ഷാ പ്രതികരിച്ചു. അവരുടെ വാക്കുകള്‍ കേട്ട് താന്‍ ഞെട്ടിയതായും അമിത്ഷാ പറഞ്ഞു.