| Saturday, 4th May 2019, 11:46 pm

നോട്ട് നിരോധനത്തിന്റെ സമയത്ത് ബി.ജെ.പി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നോട്ടുകള്‍ മാറ്റിക്കൊടുത്തു: കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധനമുണ്ടായ സമയത്ത് ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നോട്ടുകള്‍ മാറ്റി കൊടുത്തുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ശ്യാം ജാജു എന്ന മാധ്യമപ്രവര്‍ത്തകന്‍ 2017 മുതല്‍ ഷൂട്ട് ചെയ്ത മൂന്ന് വീഡിയോ ക്ലിപ്പുകള്‍ സഹിതമാണ് കപില്‍ സിബല്‍ ആരോപണമുന്നയിക്കുന്നത്.

ജമ്മുകശ്മീരില്‍ നിന്നുള്ള റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ ഇഖ്ബാല്‍, ദല്‍ഹി പൊലീസില്‍ എസ്.ഐ.യും ഒരു സുപ്രീംകോടതി ജഡ്ജിയുടെ സുരക്ഷാ ചുമതലയുമുള്ള സഞ്ജയ് പാദുലെ എന്നിവരാണ് വീഡിയോയിലുള്ളത്.

ബി.ജെ.പി ട്രഷററായിരുന്ന പിയൂഷ് ഗോയല്‍ ബി.ജെ.പി ഓഫീസിലേക്ക് വരുന്ന വാഹനങ്ങള്‍ പരിശോധിക്കാതെ കയറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഒരു വീഡിയോയില്‍ ഇഖ്ബാലും പാദുലെയും പറയുന്നു. ബി.ജെ.പി ഓഫീസിന്റെ ഒന്നാം നിലയില്‍ പണം സൂക്ഷിക്കാനായി സ്‌ട്രോങ് റൂമുണ്ടെന്നും ഇവര്‍ പറയുന്നു.

രണ്ടാമത്തെ വീഡിയോ 2017 മാര്‍ച്ച് 27ന് ഷൂട്ട് ചെയ്തതാണെന്ന് കപില്‍ സിബല്‍ പറയുന്നു. ഈ വീഡിയോയില്‍ ഉദ്യോഗസ്ഥര്‍ 300 കോടി മാറ്റിയെടുക്കുന്നതിനെ പറ്റിയാണ് പറയുന്നതെന്നും അദ്ദേഹം പറയുന്നു.

2017 ഏപ്രില്‍ 1ന് എടുത്തതാണ് അവസാനത്തെ വീഡിയോ. പുതുതായി ഇറക്കിയ നോട്ടുകള്‍ റഷ്യയില്‍ അച്ചടിച്ചതാണെന്നാണ് ഈ വീഡിയോയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നോട്ടുനിരോധനത്തെ കുറിച്ച് അന്വേഷണമുണ്ടാകുമെന്നും കപില്‍ സിബല്‍ പറയുന്നു.

2016ല്‍ നോട്ടുനിരോധനത്തിന് മുമ്പ് 17.97 ലക്ഷം കറന്‍സിയാണ് രാജ്യത്തുണ്ടായിരുന്നത്. ഇപ്പോഴത് 21.42 ലക്ഷമായിരിക്കുകയാണ്. നോട്ടു നിരോധനത്തിനൊരു കാരണം പറഞ്ഞിരുന്നത് ക്യാഷ്‌ലെസാവുക എന്നതായിരുന്നു. എന്നാലിപ്പോള്‍ 3 ലക്ഷം കോടി കറന്‍സികളുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകളെന്നും കപില്‍ സിബല്‍ പറയുന്നു. കള്ളപ്പണം തിരിച്ചുകൊണ്ടു വരുമെന്നും തീവ്രവാദം ഇല്ലാതാക്കുമെന്ന് പറഞ്ഞതും പൊള്ളത്തരമാണെന്ന് തെളിഞ്ഞതായും കപില്‍ സിബല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more