| Sunday, 11th December 2016, 8:24 pm

നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ കുറ്റവിചാരണ ചെയ്യാന്‍ പാര്‍ലമെന്റും സുപ്രീം കോടതിയും തയ്യാറാകണമെന്ന് കിസാന്‍ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമ്പദ്ഘടനയുടെ നിലനില്‍പ്പിനെ തകര്‍ത്ത് കര്‍ഷകരെയും തൊഴിലാളികളെയും കടുത്ത തൊഴില്‍ വരുമാന നഷ്ടത്തിലേക്ക് വലിച്ചെറിഞ്ഞ ജനദ്രോഹ നടപടിക്ക് പ്രധാനമന്ത്രിയെ കുറ്റവിചാരണ ചെയ്യാന്‍ ഭരണഘടനാ സ്ഥാപനങ്ങളായ പാര്‍ലമെന്റും സുപ്രീം കോടതിയും തയ്യാറാകേണ്ടതാണ്.


ന്യൂദല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റവിചാരണ ചെയ്യാന്‍ പാര്‍ലമെന്റും സുപ്രീം കോടതിയും തയ്യാറാകണമെന്ന ആവശ്യവുമായി അഖിലേന്ത്യാ കിസാന്‍ സഭ.

സമ്പദ്ഘടനയുടെ നിലനില്‍പ്പിനെ തകര്‍ത്ത് കര്‍ഷകരെയും തൊഴിലാളികളെയും കടുത്ത തൊഴില്‍ വരുമാന നഷ്ടത്തിലേക്ക് വലിച്ചെറിഞ്ഞ ജനദ്രോഹ നടപടിക്ക് പ്രധാനമന്ത്രിയെ കുറ്റവിചാരണ ചെയ്യാന്‍ ഭരണഘടനാ സ്ഥാപനങ്ങളായ പാര്‍ലമെന്റും സുപ്രീം കോടതിയും തയ്യാറാകേണ്ടതാണ്.രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും പ്രതിബദ്ധതയും ഇല്ലാതായാല്‍ കടുത്ത അരാജകത്വമാകും ഉണ്ടാകുക.

നോട്ട് നിരോധനത്തോടെ കാര്‍ഷിക മേഖലയിലുണ്ടായ  വരുമാനത്തകര്‍ച്ചക്കും തൊഴില്‍ നഷ്ടത്തിനും കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെയും പകരം സംവിധാനം ഒരുക്കാതെയും 86 ശതമാനം നോട്ടുകളും റദ്ദാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാരിലും ഇന്ത്യന്‍ റിസര്‍വ് ബാങ്കിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കിസാന്‍ സഭ ട്രഷറര്‍ പി. കൃഷ്ണപ്രസാദ് പത്രകുറിപ്പില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ നടപടി ഏകാധിപത്യപരമെന്ന് രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയന്നായ ബി.എം.എസിന്റെ ദേശീയ അധ്യക്ഷന്‍ ബൈജ്‌നാഥ് റായി പ്രസ്താവിച്ചത് ഏറെ പ്രാധാന്യമുള്ളതാണ്. മോദി സര്‍ക്കാരിന്റെ പൊതു മേഖല സ്വകാര്യവല്‍ക്കരണത്തെയും നേരിട്ടുള്ള വിദേശ നിക്ഷേപത്തെയും തുറന്നെതിര്‍ക്കാനും ബി.എം.എസ് അധ്യക്ഷന്‍ തയ്യാറായി. ഇത് സംബന്ധിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്തും ബി.ജെ.പി കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു.


ഇനിയും ഭീകരവാദം നിര്‍ത്തിയില്ലെങ്കില്‍ പാക്കിസ്ഥാന്‍ പത്തു കഷ്ണമാകുമെന്ന് രാജ്‌നാഥ് സിങ്


നോട്ട് റദ്ദാക്കല്‍ സംബന്ധിച്ച് “മനുഷ്യരെ കഷ്ടത്തിലാക്കുന്ന നയം അര്‍ത്ഥശൂന്യ “മെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് എച്ച്.എല്‍ ദത്തു പറഞ്ഞതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഭൂകമ്പം സൃഷ്ടിക്കുന്ന രാജ്യദ്രോഹ നടപടിയാണ് നരേന്ദ്ര മോദിയുടേതെന്നും അവര്‍ പറഞ്ഞു.

തക്കാളിയുടെ വില കിലോക്ക് 50 പൈസയായി തകര്‍ന്നതില്‍ പ്രതിഷേധിച്ച് ഛത്തീസ്ഗഡില്‍ കര്‍ഷകര്‍ ടണ്‍ കണക്കിന് തക്കാളി തെരുവില്‍ വലിച്ചെറിഞ്ഞത് കാര്‍ഷിക രംഗത്ത് നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. എല്ലാ കാര്‍ഷിക വിളകളിലും കര്‍ഷകര്‍ കടുത്ത വിലത്തകര്‍ച്ച നേരിടുകയും മറുഭാഗത്ത് ഉപഭോക്താക്കള്‍ തീവില നല്‍കേണ്ടി വരികയും ഇടത്തട്ടുകാരായ വന്‍കിട വ്യവസായ  വ്യാപാര കമ്പനികള്‍ കൊള്ളലാഭമെടുക്കുകയും ചെയ്യുന്ന നയമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.


രാജ്യത്താകെ കാര്‍ഷിക മേഖലയില്‍ ഉണ്ടായിരിക്കുന്ന വരുമാന നഷ്ടവും തൊഴില്‍ നഷ്ടവും കണക്കാക്കാന്‍ ഒരു ജുഡീഷ്യല്‍  പാര്‍ലമെന്ററി സംയുക്ത കമ്മീഷനെ നിയോഗിക്കാനും നഷ്ടപരിഹാരം നല്‍കാനും കേന്ദ്രം തയ്യാറാകണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു.

കര്‍ഷകരെയും തൊഴിലാളികളെയും നോട്ട് നിരോധനത്തിലൂടെ നിസഹായരാക്കി ഭൂമിയിലും വ്യവസായത്തിലും കളളപ്പണം കുന്നുകൂട്ടുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ പണവ്യാപാരത്തിന് സൗകര്യം നല്‍കുന്ന പ്രധാനമന്ത്രി തൊഴിലാളി  കര്‍ഷക ദ്രോഹമാണ് ചെയ്യുന്നത്.

അധികാരമേറ്റ വര്‍ഷം തന്നെ കുപ്രസിദ്ധമായ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിലൂടെ താന്‍ കര്‍ഷക ശത്രുവാണെന്ന് തെളിയിച്ചയാളാണ് പ്രധാനമന്ത്രി. കര്‍ഷകരുടെ ഐക്യവേദിയായ ഭൂമി അധികാര്‍ ആന്ദോളന്‍ നടത്തിയ രാജ്യവ്യാപക സമരങ്ങളും പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി ഉയര്‍ത്തിയ പ്രതിരോധവും ആണ് ഓര്‍ഡിനന്‍സ് ഉപേക്ഷിക്കാന്‍ മോദിയെ നിര്‍ബന്ധിതനാക്കിയതെന്നും കിസാന്‍ സഭ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.


കര്‍ഷകന് ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനം ഉയര്‍ന്ന വില നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത വഞ്ചനയാണ് മോദി ഭരണം കാഴ്ചവെക്കുന്നത്.

ഭൂമി തട്ടിയെടുക്കുന്നതില്‍ പരാജയപ്പെട്ട മോദി കര്‍ഷകരുടെയും തൊഴിലാളികളുടെയും പണം ബാങ്കിലടപ്പിച്ച ശേഷം സ്വന്തം പണം തിരികെ നല്‍കാത്ത ലോകത്തെ ഏകരാജ്യമായി ഇന്ത്യയെ മാറ്റി.   സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റ ചരിത്രത്തിലെ ഏറ്റവും വലിയ “ഭരണപരാജയ ” മാണ് മോദി ഭരണത്തില്‍ സംഭവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധന നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനുമായി ആര്‍.എസ്.എസ് അനുകൂല സംഘടനയായ ബി.എം.എസ്( ഭാരതീയ മസ്ദൂര്‍ സംഘ്) കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.


നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍നഷ്ടപ്പെട്ടതെന്ന് ബി.എം.എസ് അഖിലേന്ത്യാ പ്രസിഡന്റ് ബൈജ്‌നാഥ് റായി പറഞ്ഞു. 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയതോടെ നിരവധി തൊഴിലാളികള്‍ക്കാണ് തൊഴില്‍നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more