| Thursday, 7th February 2019, 8:22 am

വേദിയില്‍ ഗാന്ധിനിന്ദയ്‌ക്കെതിരെ പ്രതിജ്ഞ, തൊട്ടടുത്ത് യന്ത്രത്തില്‍ നോട്ടെണ്ണല്‍; മുല്ലപ്പള്ളിയുടെ ജനമഹായാത്രയില്‍ നോട്ടെണ്ണല്‍ യന്ത്രവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ സ്വീകരണവേദിയില്‍ പണപ്പിരിവിനായി നോട്ടെണ്ണല്‍ യന്ത്രവും. വയനാട്ടിലെത്തിയ ജാഥയുടെ സ്വീകരണത്തിന് തുടക്കം കുറിച്ച മാനന്തവാടിയിലായിരുന്നു പരസ്യമായി യന്ത്രംവച്ച് എണ്ണി പണം പിരിച്ചതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌റ്റേജിനു താഴെ പ്രത്യേക പന്തലില്‍ മേശയും കസേരയുമിട്ട് യന്ത്രം സ്ഥാപിച്ചായിരുന്നു തുടക്കത്തില്‍ പിരിവ്. പിന്നീട്, ഇവിടെനിന്ന് സ്‌റ്റേജിനോട് ചേര്‍ന്നുള്ള കടവരാന്തയിലേക്ക് മാറ്റി.

ഗാന്ധിനിന്ദക്കെതിരെ പ്രതിജ്ഞയെടുക്കുമ്പോഴും പിരിവുകാര്‍ വേദിക്കരികിലെ ഗാന്ധി പ്രതിമയ്ക്കരികെയിരുന്ന് യന്ത്രത്തില്‍ പണമെണ്ണുകയായിരുന്നു. പണം പിരിക്കാന്‍ നോട്ടെണ്ണല്‍ യന്ത്രവുമായി യാത്രക്കൊപ്പം കെപിസിസിയുടെ പ്രത്യേക സംഘമുണ്ട്.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹാര്‍ദിക് പട്ടേല്‍; മോദിക്കെതിരെ മികച്ച സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ്

നേരത്തെ ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചു നല്‍കിയില്ലെന്ന കാരണം പറഞ്ഞു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ടിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള പത്ത് മണ്ഡലം കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്.



കാസര്‍കോടുള്ള നായന്മാര്‍ മൂലയില്‍ നിന്നും ഈ മാസം മൂന്നിനാണ് യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. 14 ജില്ലകളിലായി 26 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 28ന് തിരുവനന്തപുരത്താണ് സമാപിക്കുക.

ALSO READ: പശു സംരക്ഷണം അതിരുവിട്ടു; മോദിക്ക് വോട്ടില്ലെന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍

ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് ജനമഹായാത്രയുടെ ലക്ഷ്യം. യാത്ര അവസാനിക്കുന്നതിനു മുന്‍പു തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. യാത്രയ്ക്കിടയില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് പൊതു സമ്മേളനങ്ങള്‍ നടത്താനും ലക്ഷ്യമിടുന്നുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more