India
2005 ന് മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jan 22, 05:21 pm
Wednesday, 22nd January 2014, 10:51 pm

[]ന്യൂദല്‍ഹി: 2005 ന് മുമ്പുള്ള പഴയനോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു. കള്ളപ്പണവും കള്ളനോട്ടുകളും വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍.ബി.ഐയുടെ നടപടി.

2014 മാര്‍ച്ച് 31 ന് ശേഷം 2005 ന് മുമ്പുള്ള 500 ന്റെയും 1000 ന്റെയും അടക്കം എല്ലാനോട്ടുകളും പിന്‍വലിക്കും. 2014 ഏപ്രില്‍ ഒന്നുമുതല്‍ ഇത്തരം നോട്ടുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആര്‍.ബി.ഐ നിര്‍ദേശിച്ചു.

2014 ജൂലൈ ഒന്നിന് ശേഷം 500രൂപയുടെയും 1000രൂപയുടെയും 10 എണ്ണത്തില്‍ കൂടുതല്‍ നോട്ടുകള്‍ ബാങ്കുകള്‍ വഴി കൈമാറുമ്പോള്‍ ഉറവിടം സംബന്ധിച്ച് തെളിവുകള്‍ നല്‍കേണ്ടി വരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

അച്ചടിച്ചവര്‍ഷം കറന്‍സിയില്‍ നിന്നുതന്നെ മനസിലാക്കാന്‍ സാധിക്കും. നോട്ടിന്റെ ഒരുവശത്തായി അച്ചടിച്ച വര്‍ഷം ചേര്‍ത്തിട്ടുണ്ട്. നോട്ടിന്റെ മറുപുറത്ത് മധ്യത്തില്‍ താഴെയായി അച്ചടിച്ച വര്‍ഷം കാണത്തക്കതരത്തില്‍ ചേര്‍ത്തിട്ടുണ്ട്.

പൊതുജനം ഭയപ്പെടേണ്ടതില്ലെന്നും ഇതില്‍ സഹകരിക്കണമെന്നും കള്ളനോട്ടുകളെ പ്രതിരോധിക്കുന്നതിന് പുതിയ നോട്ടുകളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.