വാഷിങ്ടണ്‍: പര്യവേക്ഷണത്തിന് ചൊവ്വയിലെത്തിയ റോവര്‍ ക്യൂരിയോസിറ്റി അയച്ച ലാന്‍ഡ്‌സ്‌കെയ്പ്പ് കളര്‍ ചിത്രങ്ങളും വീഡിയോകളും നാസ പുറത്തു വിട്ടു. ഗ്രഹത്തിലെ ഗെയ്ല്‍ ഗര്‍ത്തത്തിന്റേതാണു ചിത്രം. പേടകത്തിലെ മാര്‍സ് ഹാന്‍ഡ് ലെന്‍സ് ഇമേജര്‍ ഉപയോഗിച്ചാണ് ചിത്രമെടുത്തത്. []
ചരല്‍കല്ലുകള്‍ നിറഞ്ഞ പ്രതലത്തിന്റെ ചിത്രമാണ് ക്യൂരിയോസിറ്റി അയച്ചിരിക്കുന്നത്. ചൊവ്വയിലെ “ഗേല്‍ ക്രേറ്റര്‍” എന്ന ഗര്‍ത്തത്തില്‍ ചെന്നിറങ്ങിയ “ക്യൂരിയോസിറ്റി” ഈ ഗര്‍ത്തത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങളും അയച്ചിട്ടുണ്ട്. പേടകത്തിന്റെ ക്യാമറയുടെ ലെന്‍സില്‍ പൊടിപിടിച്ചത് കാരണം ചിത്രങ്ങള്‍ അത്ര വ്യക്തമല്ല.
വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ക്യൂരിയോസിറ്റിക്ക് അയക്കാനാകുമെന്നാണ് നാസ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
തിങ്കളാഴ്ച രാവിലെ ബഹിരാകാശ വാഹനത്തില്‍നിന്ന് വേര്‍പെട്ട് മണിക്കൂറില്‍ 20,000 കിലോമീറ്റര്‍ വേഗത്തില്‍ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയ പേടകത്തെ “ആകാശ ക്രെയിന്‍” എന്ന നൂതന സംവിധാനത്തിന്റെയും പാരച്യൂട്ടുകളുടെയും സഹായത്തോടെ വേഗം കുറച്ചു കൊണ്ടുവന്നാണ് സുരക്ഷിതമായി താഴെയിറക്കിയത്. ഇതിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഒരുമിച്ചു ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയത്