നമുക്കെന്നും ദോഷം പറയാന്‍ മാത്രം വിധിക്കപ്പെട്ട ചൊവ്വയില്‍ ജൈവസാന്നിദ്ധ്യം ഉണ്ടോ എന്ന പര്യവേഷണത്തിന് ഇങ്ങനെയൊരു തുടര്‍ച്ചയുണ്ടാപ്പോള്‍, ദോഷം പറയരുതല്ലോ ഗ്രഹദോഷം വന്ന പെണ്ണിനെ എന്നും പഴിക്കാറുള്ള മലയാളിയും അതില്‍ തെല്ലൊന്നു സന്തോഷിച്ചു. ഗവേഷണ ടീമില്‍ പതിവുപോലെ ഒരു മലയാളിയെങ്കിലും ഉണ്ടോ എന്ന് ഗവേഷണം ചെയ്ത് കണ്ടുപിടിച്ച് ഊറ്റം കൊള്ളുകയും ചെയ്തു.
വീഡിയോ സ്‌റ്റോറി/ഷഫീക്ക് എച്ച്
അങ്ങ് വിദൂരതയിലെ മലനിരകള്‍.. മങ്ങിയ മഞ്ഞ നിറത്തില്‍ പാടല വര്‍ണ്ണത്തില്‍ തെളിഞ്ഞ ചൊവ്വ ഗ്രഹോപരിതലം നാസയിലെ ലാബില്‍ തെളിഞ്ഞുവന്നപ്പോള്‍ മനുഷ്യനുമുന്നില്‍ ഒരു ചെറിയ കിളിവാതില്‍ തുറക്കപ്പെട്ടു… അതെ, ആകാംക്ഷ നിറഞ്ഞ മുഹൂര്‍ത്തത്തെ മുത്തം വെച്ചുകൊണ്ട് “ആകാംക്ഷ” ആദ്യ ചിത്രം ഭൂമിയിലെ മനുഷ്യര്‍ക്ക് അയച്ചിരിക്കുന്നു.[]
നമുക്കെന്നും ദോഷം പറയാന്‍ മാത്രം വിധിക്കപ്പെട്ട ചൊവ്വയില്‍ ജൈവസാന്നിസാന്നിധ്യം ഉണ്ടോ എന്ന പര്യവേഷണത്തിന് ഇങ്ങനെയൊരു തുടര്‍ച്ചയുണ്ടാപ്പോള്‍, ദോഷം പറയരുതല്ലോ ഗ്രഹദോഷം വന്ന പെണ്ണിനെ എന്നും പഴിക്കാറുള്ള മലയാളിയും അതില്‍ തെല്ലൊന്നു സന്തോഷിച്ചു. ഗവേഷണ ടീമില്‍ പതിവുപോലെ ഒരു മലയാളിയെങ്കിലും ഉണ്ടോ എന്ന് ഗവേഷണം ചെയ്ത് കണ്ടുപിടിച്ച് ഊറ്റം കൊള്ളുകയും ചെയ്തു.
ലോകം തന്നെ നിറഞ്ഞു ചിരിച്ച ദിനങ്ങളായിരുന്നു ഇക്കഴിഞ്ഞു പോയത്. രണ്ട് ശാസ്ത്ര ദൗത്യങ്ങള്‍ വിജയം വരിച്ച ദിവസങ്ങള്‍.. ദൈവത്തെ വീണ്ടും പുതിയ അജ്ഞതകളിലേയ്ക്ക് കുടിയേറ്റിക്കൊണ്ട് ദൈവകണം കണ്ടെത്തുകയും പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവന്‍ എന്ന പ്രതിഭാസത്തിന് സാധ്യതയുണ്ടോ എന്ന എക്കാലത്തെയും മനുഷ്യന്റെ ആകാംക്ഷയുടെയും അന്വേഷണത്തിന്റെയും തുടര്‍ച്ചയായി ചൊവ്വയില്‍ ക്യൂരിയോസിറ്റി എന്ന “ആകാംക്ഷ” ഇറങ്ങുകയും ചെയ്തിരിക്കുന്നു.
ക്യൂരിയോസിറ്റി എന്ന ചലിക്കുന്ന ശാസ്ത്ര ലാബ്
ജീവന്റെ കണിക തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നെത്തിച്ചേര്‍ന്നിരിക്കുന്ന വികാസമാണ് ക്യൂരിയോസിറ്റി.
ചൊവ്വയിലെ ഇക്വേറ്ററിന് (മധ്യരേഖ) സമീപത്ത് സ്ഥിതിചെയ്യുന്ന ഉല്‍ക്കാപതന ഗര്‍ത്തമായ ഗെയ്ല്‍ ക്രാറ്ററിന് (Gale Crater) സമീപ പ്രദേശങ്ങളില്‍ പര്യവേഷണം നടത്തുന്ന ചൊവ്വാ പര്യവേഷണ വാഹനം (rover) എന്ന് നമുക്ക് ക്യൂരിയോസിറ്റിയെ പരിചയപ്പെടാം. ഒരു കാറിന്റെ വലിപ്പത്തിലും നായയുടെ രൂപത്തിലുമുള്ള ഒരു റോബോട്ടാണ് ഇത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള മൊബൈല്‍ ശാസ്ത്ര ലാബോറട്ടറിയാണ് റോവറിന്റെ ഉള്ളടക്കം.
നാസ നേതൃത്വം നല്‍കുന്ന ചൊവ്വാശാസ്ത്ര ലബോറട്ടറി (Mars Science Laboratory-MSL) ദൗത്യത്തിന്റെ ഒരു ഭാഗമാണ് വാസ്തവത്തില്‍ ക്യൂരിയോസിറ്റി. എം.എസ്.എല്‍ ദൗത്യത്തിന് നാല് ലക്ഷ്യങ്ങളാണ് നാസ പറയുന്നത്. ചൊവ്വയുടെ കാലാവസ്ഥാ പഠനം, ഭൂമിശാസ്ത്ര പഠനം (ചൊവ്വയിലും “ഭൂമി”ശാസ്ത്രമോ എന്നു ചോതിക്കരുതേ..) ചൊവ്വ ജൈവസാന്നിദ്ധ്യത്തിന് ഗുണകരമാണോയെന്ന പരിശോധന, ജലത്തിന്റെ സാന്നിധ്യവും അതിന്റെ പങ്കും പരിശോധിക്കല്‍ എന്നിവയാണവ.
ജീവന്‍ ചൊവ്വയില്‍
ജീവന്റെ കണിക തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നെത്തിച്ചേര്‍ന്നിരിക്കുന്ന വികാസമാണ് ക്യൂരിയോസിറ്റി. ശാസ്ത്ര ലോകത്തിന്റെ കാഴ്ചപ്പാടില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന് കൂടുതല്‍ വളക്കൂറുള്ള മണ്ണാണ് ചൊവ്വയുടേത്. ഭൂമിയുടേതിന് സമാനമായ ഗ്രഹമാണത്. കാലങ്ങളായുള്ള ശാസ്ത്രജ്ഞരുടെ വിശ്വാസവും. നിരവധി ദൗത്യങ്ങള്‍ ഇതിനോടകം നടന്നു കഴിഞ്ഞിട്ടുണ്ട്.
മറൈനര്‍ ഫോര്‍ ആയിരുന്നു ഈ ദിശയിലേയ്ക്കുള്ള ആദ്യ വിജയകരമായ ദൗത്യമെന്നു പറയാം. 1965ല്‍. വരണ്ട ചൊവ്വയുടെ ഗര്‍ത്തസമ്പുഷ്ടമായ ഉപരിതല ചിത്രം തരാനേ മറൈനറിനു കഴിഞ്ഞുള്ളു. പ്ലേറ്റ് ടെക്ടോണിക്‌സിന്റെ അഭാവമാണ് ചൊവ്വയിലെന്നും കണ്ടെത്തിയിരുന്നു. മാത്രവുമല്ല അപകടകരങ്ങളായ ബഹിരാകാശ രശ്മികളില്‍ നിന്നും ജീവനെ സംരക്ഷിക്കുന്ന ആഗോള കാന്തിക മണ്ഡലവും ചൊവ്വയില്‍ ഉണ്ടായിരുന്നില്ല എന്ന വസ്തുതയും മറൈനര്‍ അനാവരണം ചെയ്തു. ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ജലാംശത്തിന് നില നിലനില്‍ക്കാന്‍ സാധ്യതയില്ലാത്തവണ്ണം മര്‍ദ്ദവ്യത്യാസവും. ജൈവസാന്നിധ്യത്തിന് നിരാശാജനകമായ വസ്തുതകള്‍ മാത്രമേ അന്ന് മറൈനറിന് നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളു.
ശാസ്ത്ര ലോകത്തിന്റെ കാഴ്ചപ്പാടില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന് കൂടുതല്‍ വളക്കൂറുള്ള മണ്ണാണ് ചൊവ്വയുടേത്. ഭൂമിയുടേതിന് സമാനമായ ഗ്രഹമാണത്. കാലങ്ങളായുള്ള ശാസ്ത്രജ്ഞരുടെ വിശ്വാസവും.
പിന്നീടാണ് വിക്കിങ്ങ് പരീക്ഷണങ്ങള്‍ നടന്നത്. വിക്കിങ്ങ് 1 എന്നും വിക്കിങ്ങ് 2 എന്നും പേരുള്ള രണ്ട് ബഹിരാകാശ പേടകങ്ങള്‍ വിക്ഷേപിക്കപ്പെട്ടു. പ്രതീക്ഷയുടെ നേരിയ രേഖകളായിരുന്നു വിക്കിങ്ങ് പദ്ധതി. ചൊവ്വയുടെ രണ്ട് നിര്‍ണ്ണായക ഭാഗങ്ങളില്‍ ഉറച്ചുകൊണ്ടുള്ള പഠനമായിരുന്നു അത്. വിക്കിങ്ങുകള്‍ ചിത്രമയച്ചുതുടങ്ങി. നദീതീരങ്ങളുടെ സാന്നിധ്യം വിക്കിങ്ങ് പരീക്ഷണങ്ങളില്‍ തെളിഞ്ഞു വന്നിരുന്നു.
ഗില്ലിവെന സ്ട്രാറ്റ എന്ന ജൈവകണമുണ്ടെന്ന അവകാശവാദങ്ങളടക്കം ദൗത്യങ്ങള്‍ നീണ്ടു പോയി. 2008ല്‍ ഫീനിക്‌സും വിക്ഷേപിക്കപ്പെട്ടു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയും ബൗണ്ട് ജലത്തിന്റെയും സൂചനകള്‍ ശാസ്ത്ര ലോകത്തിന് ലഭ്യമായി. മാത്രവുമല്ല ജലസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ കാണപ്പെടുന്ന ഹെമറ്റൈറ്റിന്റെ സാന്നിധ്യവും ചൊവ്വയില്‍ കണ്ടെത്തി. 2004 ല്‍ നാസയുടെ ഓപ്പര്‍ച്ച്യൂണിറ്റി എന്ന പര്യവേഷണ വാഹനം ഭൂതകാലത്തില്‍ ചൊവ്വ ജലസമൃദ്ധമായ ഒരു ഗ്രഹമായിരുന്നു എന്നതിന് തെളിവുകള്‍ നല്‍കി. ഒപ്പം 2005ല്‍ ചൊവ്വയുടെ വടക്കേ ധ്രുവത്തിന് സമീപത്തായി ഉരിതലത്തില്‍ ഐസ് കണ്ടെത്തിയതായി നാസ പ്രഖ്യപിക്കുകയും ചെയ്തു. ഇതെല്ലാം തന്നെ ചൊവ്വയില്‍ ജൈവസാന്നിധ്യത്തിന് പിന്തുണ നല്‍കുന്ന ഘടകങ്ങളാണ്.
ക്യൂരിയോസിറ്റി.. ആകാംക്ഷ.. വളരെ അര്‍ത്ഥവത്തായ പേര്. മനുഷ്യന്റെ മുഴുവന്‍ ആകാംക്ഷകളെയും ചെപ്പിലൊതുക്കാന്‍ ഈ പേരല്ലാതെ മറ്റേതു പേരിനാകും.
ക്യൂരിയോസിറ്റിയുടെ ഘടന
ക്യൂരിയോസിറ്റി റോവര്‍ അത്യന്താധുനിക സജ്ജീകരണങ്ങളടങ്ങിയ ഒരു ലാബാണെന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. 9.5 അടി നീളവും 7.2 അതി വീതിയും 899 കിലോഗ്രാം ഭാരവും ഇതിനുണ്ട്. 30 ഇഞ്ച് വലിപ്പം വരെയുള്ള തടസ്സങ്ങളെ മറികടന്ന് ക്യൂരിയോസിറ്റിയ്ക്ക് സഞ്ചരിക്കാനാകും. ഒരു മണിക്കൂറില്‍ 98 അടി ദൂരമാണ് ക്യൂരിയോസിറ്റിയുടെ വേഗത. രണ്ട് വര്‍ഷം വരെയാണ് ഇതിന്റെ ദൗത്യായുസ്സ് എന്ന് നാസ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് വര്‍ഷവും പ്രവര്‍ത്തിക്കുന്നതിനുള്ള കറണ്ട് ലഭിക്കുന്നത് ഇതിലുള്ള റേഡിയോ ഐസോടോപ്പ് തെര്‍മോ ഇലക്ട്രിക് ജനറേറ്റര്‍ സംവിധാനത്തിലൂടെയാണ്. റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ പ്ലൂട്ടോണിയം ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. പ്ലൂട്ടോണിയം ഡീകേ (Decay) സംഭവിക്കുന്നതിലൂടെ ലഭ്യമാകുന്ന കനത്ത ഊഷ്മാവിനെ വൈദ്യുതിയാക്കിയാണ് ഈ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നത്.
മലിന്‍ സ്‌പേസ് സയന്‍സ് സിസ്റ്റം വികസിപ്പിച്ചെടുത്തതും 1600×1200 പിക്‌സല്‍ വലിപ്പത്തിലുള്ള വ്യക്തമായ ചിത്രങ്ങളെടുക്കാവുന്നതുമായ മാസ്റ്റ് ക്യമറ, റോബോട്ടിന്റെ കൈയ്യില്‍ ഫിറ്റ് ചെയ്തിട്ടുള്ളതും ശിലകളുടെ സൂക്ഷ്മ ചിത്രങ്ങളെടുക്കാവുന്നതുമായ ക്യാമറ (Mars Hand Lens Imager-MAHLI), മറ്റു ക്യാമറ സംവിധാനങ്ങള്‍, അന്തരീക്ഷ പഠനങ്ങള്‍ നടത്തുന്ന ഉപകരണങ്ങള്‍, ചൊവ്വയുടെ ഉപരിതല പഠനത്തിനായുള്ള എക്‌സ്‌റേ ഉപകരണങ്ങള്‍, മുതലായ ഒട്ടനവധി ഉപകരണങ്ങള്‍ ഈ റോബോട്ട് സമുച്ചയത്തിനുണ്ട്.
ക്ലാര മാ എന്ന കൊച്ചു മിടുക്കി
ക്യൂരിയോസിറ്റി.. ആകാംക്ഷ.. വളരെ അര്‍ത്ഥവത്തായ പേര്. മനുഷ്യന്റെ മുഴുവന്‍ ആകാംക്ഷകളെയും ചെപ്പിലൊതുക്കാന്‍ ഈ പേരല്ലാതെ മറ്റേതു പേരിനാകും. മാത്രവുമല്ല എന്നും മനുഷ്യന്റെ വിജയത്തിലേയ്ക്ക് നയിക്കുന്ന അവന്റെ ഉള്ളും (self) ഈ വാക്കാണ്. എം.എന്‍ റോയ് ഒരിക്കല്‍ മതത്തെ വിശേഷിപ്പിക്കാനായി പറയുന്നുണ്ട്, പ്രകൃതി രഹസ്യത്തിലേയ്ക്കുള്ള ആകാംക്ഷയാണ് മനുഷ്യനെ അതിമാനുഷമായ ഒരു ശക്തിയെ വിശ്വസിക്കുന്നതിലേയ്ക്ക് എത്തിച്ചതെന്ന്. മതം അങ്ങനെ ശാസ്ത്രാന്വേഷണത്തിന്റെ ഒരു ആദ്യഘട്ടമാണെന്ന്. അപ്പോള്‍ ആകാംക്ഷ എന്നും മനുഷ്യാന്വേഷണങ്ങളുടെ മൂലധനമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു കാണാം.
അത്തരത്തിലൊരു പേര് ആകാംക്ഷ നിറഞ്ഞ ഈ ദൗത്യത്തിന് നല്‍കിയത് ക്ലാരാ മാ എന്ന 15 കാരിയാണ്, ചൊവ്വയില്‍ പഠനം നടത്താന്‍ പോകുന്ന പര്യവേഷണവാഹനത്തിന്റെ പേരിനായി നടത്തിയ ഉപന്യാസ മത്സരത്തില്‍. 9000ത്തോളം പേര്‍ പങ്കെടുത്ത കടുത്ത മത്സരത്തില്‍ നിന്നായിരുന്നു ക്ലാരയുടെ “ആകാംക്ഷ”യെ തിരഞ്ഞെടുത്തത്. സമ്മാനമായി വിക്ഷേപണ രംഗം കാണാന്‍ ക്ലാരയെയും കുടുംബത്തെയും ക്ഷണിച്ചിരുന്നു. മാത്രവുമല്ല വാഹനത്തിന്റെയുള്ളില്‍ ക്ലാര മാ എന്ന് ക്ലാരയുടെ കൈയ്യക്ഷരത്തില്‍ ചൈനീസ് ഭാഷയില്‍ എഴുതി രേഖപ്പെടുത്തി. അങ്ങനെ ക്ലാരയുടെ നാമവുമായാണ് ക്യൂരിയോസിറ്റി ആകാശം താണ്ടിയത്.