| Wednesday, 22nd August 2012, 9:08 am

ക്യൂരിയോസിറ്റി സെന്‍സറുകള്‍ തകരാറില്‍: ഗുരുതര പ്രശ്നമല്ലെന്ന് ശാസ്ത്രജ്ഞര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ചൊവ്വാഗ്രഹത്തിലെ  ജീവസാന്നിധ്യവും ചരിത്രവും തേടി പര്യവേഷണം നടത്തുന്ന ക്യൂരിയോസിറ്റിയുടെ കാറ്റളക്കാനുള്ള സെന്‍സറുകള്‍ തകരാറിലായതായി റിപ്പോര്‍ട്ട്. കാറ്റിന്റെ ഗതിയും വേഗതയും തിരിച്ചറിയാനുള്ള സെന്‍സര്‍ യന്ത്രമാണ് തകരാറിലായത്. ക്യൂരിയോസിറ്റി ദൗത്യം നേരിടുന്ന ആദ്യത്തെ തിരിച്ചടിയെന്നാണ് ഇതിനെ നാസയിലെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.[]

അതേസമയം, സെന്‍സര്‍ തകരാര്‍ അത്രവലിയ സംഭവമല്ലെന്നാണ് നാസയിലെ ശാസ്ത്രജ്ഞരുടെ നിലപാട്. ഇത് ദൗത്യത്തിന് തടസമാകില്ലെന്ന് നാസ അറിയിച്ചു. തകരാര്‍ എങ്ങനെ സംഭവിച്ചുവെന്നത് സംബന്ധിച്ച് വ്യക്തമായ അറിവില്ലെങ്കിലും ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങുന്നതിനിടെ ഉപരിതലത്തിലെ പാറക്കല്ലുകള്‍ തട്ടി വയറിങ് ബന്ധം മുറിഞ്ഞതാകും കാരണമെന്ന് കരുതുന്നതായി എന്‍ജിനിയറിങ് വിഭാഗം പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇടിച്ചിറങ്ങിയത്. നാസയുടെ മുന്‍പദ്ധതികളില്‍നിന്ന് വ്യത്യസ്തമായി ഒരു ആകാശ ക്രെയ്‌നിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞുകാറിനെ ഓര്‍മിപ്പിക്കുന്ന റോബോട്ടിന്റെ ലാന്‍ഡിങ്.

ഡസന്‍കണക്കിന് ക്യാമറകളും ലേസര്‍ ഉപകരണങ്ങളും കാലാവസ്ഥാ നിരീക്ഷണ സാമഗ്രികളും ക്യൂരിയോസിറ്റിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിലെ മണ്ണും പാറയും ശാസ്ത്രീയമായി വിശകലനം ചെയ്യാനുള്ള ക്യൂരിയോസിറ്റിയുടെ ദൗത്യം കഴിഞ്ഞദിവസം ആരംഭിച്ചു.

അതേസമയം ചൊവ്വയുടെ ഉപരിതലത്തില്‍ ക്യൂരിയോസിറ്റിയുടെ ടെസ്റ്റ് ഡ്രൈവ് ഇന്ന് ആരംഭിക്കും. 30 മിനിറ്റോളം സഞ്ചരിക്കാനുള്ള നിര്‍ദേശങ്ങള്‍ ക്യൂരിയോസിറ്റിക്ക് നല്‍കിയതായി നാസ അറിയിച്ചു.

10 അടി സഞ്ചരിച്ച ശേഷം ലാന്റ് ചെയ്തിടത്തുതന്നെ ക്യൂരിയോസിറ്റി തിരിച്ചെത്തും. ആറ് ചക്രങ്ങളുള്ള വാഹനം ചൊവ്വയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നതിന്
മുന്നോടിയായാണ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നത്.

We use cookies to give you the best possible experience. Learn more