| Wednesday, 25th March 2015, 12:25 pm

കടുവ നാട്ടിലിറങ്ങിയാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനവാസ മേഖലകളില്‍ കടുവ ഇറങ്ങിയാല്‍ ആവശ്യമെങ്കില്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്ന് കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗ്ഗരേഖ. ജനങ്ങളുടെ പ്രതിഷേധവും ആക്രമവും തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നാണ് പുതിയ വ്യവസ്ഥ. ഇത്തരം സാഹചര്യങ്ങളില്‍ കളക്ടറോ ജില്ലാ മജിസ്‌ട്രേറ്റോ എസ്.പിയോ നേരിട്ട് നടപടി സ്വീകരിക്കണം.

അടുത്തിടെയായി ജനവാസ മേഖലകളിലേക്ക് കടുവകളിറങ്ങുന്നത് വന്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി പുതിയ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. പെരിയാര്‍, പറമ്പക്കുളം കടുവ സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നും അതേകുറിച്ച് പഠിക്കണമെന്നും കടുവ സംരക്ഷണ അതോറിറ്റി  ഇറക്കിയിരിക്കുന്ന ഈ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

വനഭൂമി കയ്യേറുന്നതും വളര്‍ത്തുമൃഗങ്ങളെ വനത്തിലേക്ക് മേയ്ക്കാന്‍ വിടുന്നതുമാണ് കടുവകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാനുള്ള കാരണമെന്ന് മാര്‍ഗ്ഗരേഖയില്‍ പറയുന്നു. ഇത്തരത്തിലുള്ള സാഹജര്യങ്ങള്‍ ഒഴിവാക്കാന്‍ വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചാല്‍ അതിനെ പൂര്‍ണമായും ഭക്ഷിക്കാന്‍ അനുവദിക്കണം.

കടുവ ഉപേക്ഷിച്ചുപോകുന്ന വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ആ സ്ഥലത്തുനിന്ന് മാറ്റരുത്. മാറ്റിയാല്‍ കൂടുതല്‍ വളര്‍ത്തുമൃഗങ്ങളെ കടുവ പിടിക്കും. അത്തരം സാഹചര്യങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധവും അക്രമവും ഉണ്ടാകരുത്. ആവശ്യമെങ്കില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യപിച്ച് പ്രതിഷേധം തണുപ്പിക്കണം തുടങ്ങി നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് കടുവാ സംരക്ഷണ അതോറിറ്റി നല്‍കിയിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more