അയോധ്യാക്കേസില്‍ നാളെ രാവിലെ വിധി വരാനിരിക്കെ കാസര്‍കോട് നിരോധനാജ്ഞ. ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണു നിരോധനാജ്ഞ. വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഗവര്‍ണറെക്കണ്ടു സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഡി.ജി.പി എസ്.പിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങും നടത്തി.
മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ പരത്തുന്നവരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാണു നിര്‍ദ്ദേശം.
എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും.
സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.
ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ നേരത്തേതന്നെ ഏര്‍പ്പെടുത്തിത്തുടങ്ങിയിരുന്നു. തര്‍ക്കഭൂമി സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാളെമുതല്‍ മൂന്നുദിവസത്തേക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തു.
ജമ്മു കശ്മീരിലെ 10 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ബെംഗളൂരു നഗരത്തിലും മധ്യപ്രദേശിലെ ഭോപ്പാലിലും നാളെ നിരോധനാജ്ഞയാണ്. രാവിലെ ഏഴിനു തുടങ്ങുന്ന നിരോധനാജ്ഞ അര്‍ധരാത്രി വരെ നീളും. ബെംഗളൂരുവില്‍ മദ്യഷോപ്പുകള്‍ നാളെ അടഞ്ഞുകിടക്കും.
മധ്യപ്രദേശ്, കര്‍ണാടക, എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ അലിഗഢില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റാണ് ഇക്കാര്യം അറിയിച്ചത്.