| Friday, 29th July 2016, 4:55 pm

പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; കാശ്മീരില്‍ നിരോധനാജ്ഞ പുന:സ്ഥാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പ്രതിഷേധ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് കാശ്മീരില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പത്ത് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘര്‍ഷം ശക്തമായിരുന്ന തെക്കന്‍ കാശ്മീര്‍ പൊതുവേ ശാന്തമായിരുന്നെങ്കിലും സെയിന്‍പോര, ഷോപിയാന്‍, പുല്‍വാമ അടക്കമുള്ള പ്രദേശങ്ങളില്‍ നേരിയ തോതില്‍ സംഘര്‍ഷം നടന്നതിനെത്തുടര്‍ന്നാണ് നിരോധനാജ്ഞ പുന:സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ന് പലയിടത്തും പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തെക്കന്‍ കാശ്മീരിലെ അനന്ത്‌നാഗ്, കുല്‍ഗാം അടക്കമുള്ള പത്ത് ജില്ലകളിലാണ് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ പൊലീസിനേയും അര്‍ദ്ധ സൈനിക വിഭാഗത്തേയും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

സുരക്ഷാവേലികളും പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ റോഡുകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇവിടെ പ്രീപെയ്ഡ് മൊബൈല്‍ സേവനം ഭാഗികമായി പുന:സ്ഥാപിച്ചു. അതേസമയം ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ആണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ സുരക്ഷാസേന അയാളെ കൊലപ്പെടുത്തുമായിരുന്നില്ലെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമായി.

സൈനിക നീക്കത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിക്കാത്ത സ്ഥലങ്ങളില്‍ അക്രമ സംഭവങ്ങള്‍ വ്യാപകമാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു. നാടകീയമായ നുണയാണ് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് കുറ്റപ്പെടുത്തി. ആക്രമണത്തിന് മുമ്പെ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതിനിടെ കാശ്മീരിലെ നിലവിലെ അവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സോളിസിസ്റ്റര്‍ ജനറലിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് നടപടി. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more