പ്രതിഷേധക്കാർ സുരക്ഷാസേനയുമായി ഏറ്റുമുട്ടി; മണിപ്പൂരിൽ വീണ്ടും കർഫ്യൂ
ഗുവാഹത്തി: മണിപ്പൂരിലെ ഇംഫാലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടുകയും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു.
അറസ്റ്റിലായ അഞ്ച് പേരെ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. പൊലീസുകാരായി ആൾമാറാട്ടം നടത്തി വെടിവെപ്പ് നടത്തിയതിന് കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇംഫാൽ താഴ്‌വരയിലെ സംഘർഷത്തിൽ 15 പേർക്ക് പരിക്കേറ്റു.
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ സംസ്ഥാന സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയത്. രാവിലെ അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെ പുറത്തിറങ്ങാൻ ഇളവുകൾ മുമ്പ് നൽകിയിരുന്നെങ്കിൽ ഇത് വൈകീട്ട് അഞ്ച് മണി വരെയായി കുറച്ചു.
ആറ് പ്രാദേശിക ക്ലബ്ബുകളുടെയും വനിതാ ആക്റ്റിവിസ്റ്റുകളുടെ മെയ്ര പൈബിസ് എന്ന കൂട്ടായ്മയും ആഹ്വാനത്തെ തുടർന്നാണ് പ്രതിഷേധക്കാർ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ച് സ്റ്റേഷനുകൾ ആക്രമിച്ചത് എന്ന് ദി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇംഫാൽ ഈസ്റ്റിലെ ആൻഡ്രോ, പൊറോംബാറ്റ് സ്റ്റേഷനുകളിലും ഇംഫാൽ വെസ്റ്റിലെ സിങ്ജമെയ്, ക്വാകീത്തൽ, മായങ് ഇംഫാൽ പൊലീസ് ഔട്ട്പോസ്റ്റുകളിലുമാണ് പ്രതിഷേധക്കാർ എത്തിയത്.
അറസ്റ്റിലായവർ ഗ്രാമത്തിലെ പ്രതിരോധ വളണ്ടിയർമാരാണ് എന്ന് അവകാശപ്പെട്ടാണ് പ്രതിഷേധക്കാർ അവരുടെ മോചനം ആവശ്യപ്പെട്ടത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസും ആർ.എ.എഫ് ഉദ്യോഗസ്ഥരും കണ്ണീർ വാതകം പ്രയോഗിച്ചു. കസ്റ്റഡിയിൽ ഉള്ളവരിൽ ഒരാൾ സംസ്ഥാനത്തെ നിരോധിത ഗുണ്ടാസംഘത്തിൽ പെട്ട ആളാണെന്നും മറ്റൊരാൾ ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു.
നേരത്തെ പ്രാദേശിക ക്ലബ്ബുകളുടെയും മെയ്ര പൈബിസിന്റെയും 48 മണിക്കൂർ ബന്ധിനെ തുടർന്നാണ് ഇംഫാൽ താഴ്‌വരയിലെ സാധാരണ ജീവിതം മന്ദഗതിയിലായത്.
Content Highlight: Curfew back in Imphal as mobs try to storm police stations, 15 hurt