ലോകകപ്പ് ഫുട്ബോളിന് ശേഷം വീണ്ടും ക്ലബ്ബ് ഫുട്ബോളിന് ഇടവേള നൽകിക്കൊണ്ട് രാജ്യാന്തര മത്സരങ്ങൾക്ക് അരങ്ങൊരുങ്ങിയിരിക്കുകയാണ്. ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന ഇതുവരെ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിച്ചത്.
പനാമക്കെതിരെ ആദ്യം നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലോക ചാമ്പ്യൻമാരുടെ വിജയം. പിന്നീട് നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു അർജന്റീന കുറക്കാവോയെ പരാജയപ്പെടുത്തിയത്.
ലയണൽ മെസി ഹാട്രിക്ക് ഗോളുകൾ സ്വന്തമാക്കിയ മത്സരത്തിൽ നിക്കോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, ഡി മരിയ, ഗോൺസാലോ മൊൺടൈൽ എന്നിവരാണ് അർജന്റീനയുടെ മറ്റ് വിജയ ഗോളുകൾ സ്വന്തമാക്കിയത്.
എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ കുറക്കാവോ താരങ്ങൾ തങ്ങളുടെ സ്‌ക്വാഡിലെ 20 പ്ലെയേഴ്സിനും മെസിയുടെ ജേഴ്സി നൽകണം എന്ന് ആവശ്യപ്പെട്ടിരുന്നു.
മെസി സമകാലിക ഫുട്ബോളിലെ മികച്ച താരങ്ങളിലൊരാളാണ് എന്ന് അവകാശപ്പെട്ടു കൊണ്ടാണ് താരത്തിന്റെ ജേഴ്സി കുറക്കാവോ താരങ്ങൾ ആവശ്യപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ടി.വൈ.സി സ്പോർട്സ് നൽകിയ ഒരു അഭിമുഖത്തിൽ മെസിയുടെ പേര് ആലേഖനം ചെയ്ത കുറക്കാവോയുടെ ജേഴ്സിയണിഞ്ഞ ആരാധകർ തങ്ങളുടെ മെസി സ്നേഹം തുറന്ന് പറഞ്ഞിരുന്നു.
കുറക്കാവോക്കെതിരെ മൂന്ന് ഗോളുകൾ നേടിയതോടെ മെസിയുടെ രാജ്യാന്തര ഫുട്ബോളിലെ മൊത്തം ഗോൾ നേട്ടം നൂറ് കടന്നിട്ടുണ്ട്. ഈ മാസം തന്റെ പ്രൊഫഷണൽ ഫുട്ബോളിലെ നേട്ടം 800 കടത്താനും മെസിക്കായി.
അതേസമയം ക്ലബ്ബ് ഫുട്ബോളിൽ പി.എസ്. ജിക്കായി ബൂട്ട് കെട്ടുന്ന താരത്തിന്റെ കരാർ ജൂണോടെ അവസാനിക്കും.
ശേഷം ഫ്രീ ഏജന്റായി മാറുന്ന താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണ, ഇന്റർ മിയാമി, അൽ ഹിലാൽ, ഇന്റർ മിലാൻ മുതലായ ക്ലബ്ബുകൾ രംഗത്തുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Content Highlights:Curacao players wants Lionel Messi’s jersey