ബെയ്ജിങ്: ചൈനയിലെ കുന്‍മിങില്‍ നിന്നും പശ്ചിമബംഗാളിലെ കൊല്‍ക്കത്ത വരെ ബുള്ളറ്റ് ട്രെയിന്‍പാത നിര്‍മ്മിക്കാന്‍ താത്പര്യവുമായി ചൈന. കൊല്‍ക്കത്തയിലെ ചൈനീസ് കണ്‍സ്യൂള്‍ ജനറല്‍ മാ ഷാന്‍വുവാണ് ഇക്കാര്യം അറിയിച്ചത്.
“കൊല്‍ക്കത്തയില്‍ നിന്ന് കുന്‍മിങ്ങിലേക്ക് ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. പാത വന്നാല്‍ ഏഷ്യയെ പൂര്‍ണ്ണമായും ബന്ധിപ്പിക്കാന്‍ കഴിയും. നടപ്പിലാവുകയാണെങ്കില്‍ മണിക്കൂറുകള്‍ കൊണ്ട് കുന്‍മിങ്ങില്‍ നിന്ന് കൊല്‍ക്കത്തയിലെത്താന്‍ സാധിക്കും” മാ ഷാന്‍വു പറഞ്ഞു.
ബുള്ളറ്റ് ട്രെയിന്‍ കടന്നു പോകുന്ന മേഖലകളില്‍ വ്യവസായ സംരഭങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഇന്ത്യയും ചൈനയും ഇതേ കുറിച്ച് ആലോചിക്കണമെന്നും മാ ഷാന്‍വു പറഞ്ഞു. ഒപ്പം ബംഗ്ലാദേശിനും മ്യാന്‍മാറിനും മെച്ചമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബുള്ളറ്റ് ട്രെയിന്‍ കടന്നുപോകുന്ന റൂട്ടിനെ കുറിച്ച് ചൈനീസ് പ്രതിനിധി വ്യക്തമാക്കിയിട്ടില്ല. നിര്‍ദിഷ്ട ബംഗ്ലാദേശ്-ചൈന-ഇന്ത്യ-മ്യാന്‍മാര്‍ ഇക്കണോമിക് കോറിഡോര്‍ ആണോ ലക്ഷ്യമിടുന്നതെന്നും വ്യക്തമല്ല.