കമല്‍സി ചവറ പുസ്തകം കത്തിക്കുംമുമ്പ് സാംസ്‌കാരിക വകുപ്പ് ഇടപെടണം: ഡോ. ആസാദ്
Daily News
കമല്‍സി ചവറ പുസ്തകം കത്തിക്കുംമുമ്പ് സാംസ്‌കാരിക വകുപ്പ് ഇടപെടണം: ഡോ. ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th January 2017, 11:24 am

kamal11


ഒരെഴുത്തുകാരന്റെ നിസ്സഹായത തിരിച്ചറിയാനായില്ലെങ്കില്‍ സാംസ്‌കാരിക വകുപ്പു തുടരുന്നതില്‍ അര്‍ത്ഥമില്ല.


കോഴിക്കോട്: കേരളത്തില്‍ ഒരെഴുത്തുകാരന്‍ എഴുത്തുനിര്‍ത്തുകയാണെന്നും തന്റെ അപ്രകാശിത പുസ്തകം കത്തിക്കുകയാണെന്നും പ്രഖ്യാപിച്ചിട്ടും മിണ്ടാതിരിക്കുന്ന സംസ്ഥാനത്തെ സാംസ്‌കാരിക വകുപ്പിനെ വിമര്‍ശിച്ച് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. ആസാദ്. എഴുത്തുകാരന്‍ കമല്‍സി ചവറ പുസ്തകം കത്തിക്കും മുമ്പ് സംസ്ഥാനത്തെ സാംസ്‌കാരിക വകുപ്പ് ഇടപെടണമെന്നാണ് ഡോ. ആസാദ് ആവശ്യപ്പെടുന്നത്.

ഒരെഴുത്തുകാരന്റെ നിസ്സഹായത തിരിച്ചറിയാനായില്ലെങ്കില്‍ സാംസ്‌കാരിക വകുപ്പു തുടരുന്നതില്‍ അര്‍ത്ഥമില്ല. നീതിബോധം അവശേഷിക്കുന്നുവെങ്കില്‍ സാംസ്‌കാരിക വകുപ്പ് പ്രതികരിക്കേണ്ടത് ഇപ്പോഴാണെന്നും അദ്ദേഹം പറയുന്നു.

“പുസ്തകം കത്തിക്കുന്നതിനു മുമ്പ് സാംസ്‌ക്കാരിക വകുപ്പു ഇടപെടണം. ഒരെഴുത്തുകാരന്റെ നിസ്സഹായത തിരിച്ചറിയാനായില്ലെങ്കില്‍ അങ്ങനെയൊരു വകുപ്പു തുടരുന്നതിനെന്തര്‍ത്ഥം? സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ മേധാവികളേ, നീതിബോധം അവശേഷിക്കുന്നുവെങ്കില്‍ ഇപ്പോള്‍ പ്രതികരിക്കുവിന്‍” അദ്ദേഹം ആവശ്യപ്പെടുന്നു.

ഏതൊരു സമൂഹത്തിലും അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ആയുധങ്ങള്‍ സംരക്ഷിക്കപ്പെടണം. അതുറപ്പു വരുത്തല്‍ പൊതുസമൂഹത്തിന്റെയും ജനാധിപത്യ ഭരണകൂടത്തിന്റെയും ബാധ്യതയാണ്. കോഴിക്കോട്ടെ തെരുവില്‍ ഒരു പുസ്തകമെങ്കിലും അഗ്‌നിക്കിരയാവാന്‍ ഇടവരുന്നത് സാംസ്‌ക്കാരിക കേരളത്തിന്റെ ലജ്ജാകരമായ കീഴടങ്ങലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായങ്ങളുണ്ട് എന്നതിന്റെ പേരില്‍ എം.ടിയെയും കമലിനെയും കമല്‍സി ചവറയെയും നദിയെയും ആക്രമിക്കാന്‍ ജനാധിപത്യ ഭരണകൂടം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം എഴുത്തുനിര്‍ത്തുകയാണെന്നും രചിച്ച പുസ്തകങ്ങളെല്ലാം തീയിടുകയാണെന്നുമുള്ള കമല്‍സി ചവറയുടെ തീരുമാനം ഖേദകരമാണ്. ഒരു ജനതയുടെ പരാജയം ആഘോഷിക്കലാവും അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കമല്‍സിയ്ക്കും നദീറിനുമെതിരെ കേസെടുത്ത നടപടിയെയും ആസാദ് വിമര്‍ശിക്കുന്നുണ്ട്. ഒരിക്കല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം സംശയത്തിന്റെ പേരിലായിരുന്നു അറസ്റ്റെന്നും കേസ് നിലനില്‍ക്കുന്നില്ലെന്നും വ്യക്തമാക്കിയ പൊലീസ് പിന്നീട് എന്തു സംഭവിച്ചെന്നു പറയണം. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.