കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി സാംസ്‌കാരിക കേരളം
Nun abuse case
കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി സാംസ്‌കാരിക കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2018, 5:29 pm

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സാംസ്‌കാരിക കേരളം. മലയാളിയുടെ അന്തസ്സിനെ ചോദ്യം ചെയ്ത, അത്യധികം വേദനാകരമായ ഒരു സംഭവത്തെ അപലപിക്കുന്നുവെന്ന് സാംസ്‌കാരിക നായകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കന്യാസ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള സമരത്തില്‍, സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി ഒപ്പം നില്‍ക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതിസമ്പന്നനും പ്രതാപിയും സര്‍വശക്തനുമായ ജലന്ധര്‍ ബിഷപ്പ്, തന്റെ അധികാരത്തിന് കീഴിലുള്ള ഒരു സന്യാസിനിയെ നിരന്തരമായി അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ആ നിസ്സഹായ സ്ത്രീയ്ക്ക്, കഴിഞ്ഞ നാല് വര്‍ഷങ്ങളായി സഭയ്ക്കകത്തെ അസ്വതന്ത്രമായ സഹചര്യത്തില്‍ നിശബ്ദത പാലിക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.

ALSO READ: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു: ഞെട്ടിക്കുന്ന വിവരവുമായി ഹഫ് പോസ്റ്റ് ഇന്ത്യ

ബിഷപ്പിന്റെ അതിക്രമങ്ങള്‍ സഹനത്തിന്റെ സകല പരിധികളും കടന്നപ്പോള്‍ അവരത് സഭയുടെ തന്നെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കാണാന്‍ പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.തുടര്‍ന്ന് നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് മുമ്പില്‍ പരാതി നല്‍കി അവര്‍ രണ്ടര മാസക്കാലം കാത്തിരുന്നു.

ബിഷപ്പിനെതിരായി സകല തെളിവുകളും പൊലീസിന് ഇതിനകം ലഭിച്ചതായി അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. സന്യാസിനിയുടെ പരാതി ലഭിച്ച് എഴുപത്തിയഞ്ച് ദിവസം പിന്നിട്ടിട്ടും, ബിഷപ്പിനെ അറസ്റ്റ് ചെയ്ത്, നിയമ വ്യവസ്ഥയുടെ മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് ഇത് വരെ തയാറാവാത്തത് ദുരൂഹമാണ്. ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കാനുള്ള നിരന്തര ശ്രമമാണോ പൊലീസും അധികാരികളും ചെയ്തു കൊണ്ടിരിക്കുന്നത് എന്ന സന്ദേഹം സമൂഹത്തിന്റെ എല്ലാ അടരുകളിലും ഇതിനകം ശക്തിപ്പെട്ടിട്ടുണ്ട്.

അപമാനിതയായ സന്യാസിനിക്ക് നീതി ഉറപ്പു വരുത്താന്‍, നിയമപരമായും രാഷ്ട്രീയമായും ബാദ്ധ്യതപ്പെട്ട ഇടതുപക്ഷ സര്‍ക്കാര്‍ ബിഷപ്പിന് അനുഗുണമായി തീര്‍ന്നേക്കാവുന്ന മാനത്തിലാണ്. കത്തോലിക്കാ വോട്ടു ബാങ്കുകള്‍ നഷ്ടമാകുമോ എന്ന ഭീതി കാരണമാകാം കേരളത്തിലെ മറ്റിതര രാഷ്ട്രീയ കക്ഷികളില്‍ പ്രമുഖമായവയൊക്കെ നിശബ്ദമായിരിക്കുകയും ചെയ്യുന്നു.

ALSO READ: “കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ ആക്രമിക്കാന്‍ ശ്രമിക്കുന്നു”; എല്ലാത്തിനും പിന്നില്‍ ഗൂഢാലോചനയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

ഇത്തരം ഒരവസ്ഥയില്‍ നീതിക്കായി തെരുവിലേക്കിറങ്ങുകയല്ലാതെ സന്യാസിനിക്ക് മുമ്പില്‍ മറ്റ് വഴികളില്ല. ഒരു പക്ഷേ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കാമിത്. പുരോഗമന രാഷ്ടീയ പശ്ചാത്തലമുള്ള കേരളത്തില്‍, തോട്ടം തൊഴിലാളി സ്ത്രീകള്‍, നേഴ്‌സുമാര്‍, സിനിമാനടികള്‍, ജവുളിക്കടകളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ എന്നിവരൊക്കെ നീതിക്ക് വേണ്ടി തെരുവിലേക്കിറങ്ങുന്നത് സമീപകാലത്തായി കേരളം കണ്ടിട്ടുള്ളതാണ്.

ഈ അവസ്ഥയില്‍ ധീരമായി സമരരംഗത്ത് ഉറച്ചു നില്‍ക്കുന്ന സന്യാസിനിക്കും അവരെ പിന്തുണക്കുന്ന മറ്റ് സന്യാസിനിമാര്‍ക്കും ഉറച്ച പിന്തുണ നല്‍കി, സമരത്തെ വിജയിപ്പിക്കേണ്ടത് നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന എല്ലാ മലയാളികളുടേയും ചുമതലയാണ്.

കാലവിളംമ്പമില്ലാതെ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് നിയമ വ്യവസ്ഥക്ക് വിധേയനാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോടും ഉന്നത പോലീസ് അധികാരികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സന്യാസിനിമാരുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സാംസ്‌കാരിക കേരളം ഒരു മനസ്സായി കൂടെ നില്‍ക്കുന്നു.

ഷാജി എന്‍.കരുണ്‍
എം.എന്‍.കാരശ്ശേരി
കല്‍പ്പറ്റ നാരായണന്‍
എന്‍.പ്രഭാകരന്‍
കുരീപ്പുഴ ശ്രീകുമാര്‍
കെ.ഇ.എന്‍.കുഞ്ഞമ്മദ്
എം.എം.സോമശേഖരന്‍
എന്‍.ശശിധരന്‍
ഹമീദ് ചേന്ദമംഗലൂര്‍
ബീരാന്‍ കുട്ടി
ഡോ.പി.ഗീത
പി.വത്സല
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ടി.പി.രാജീവന്‍
വി.ആര്‍ സുധീഷ്
സിവിക് ചന്ദ്രന്‍
പ്രൊ വി.വിജയകുമാര്‍
ആലങ്കോട് ലീലാകൃഷ്ണന്‍
പി.ജെ.ബേബി
എം.എ.റഹ്മാന്‍
ശിഹാബുദ്ധീന്‍ പൊയ്തും കടവ്
വി.എസ് അനില്‍കുമാര്‍
മനോജ് കാന
സതീഷ് തോപ്രത്ത്
ഭാഗ്യനാഥ്
ഡോ.ആസാദ്
പ്രേംജി.
ഡോ – കെ.എന്‍.അജോയ് കുമാര്‍
എന്‍.വി.ബാലകൃഷ്ണന്‍
ചന്ദ്രശേഖരന്‍ തിക്കോടി
ഇ.പി.അനില്‍
ഗീഥ
രാജേഷ് നാരായണന്‍
എം സുള്‍ഫത്ത്
യാമിനീ പരമേശ്വരന്‍
സുധാ ഹരിദ്വാര്‍
ദിവ്യ ദിവാകര്‍
ദീപ പി.എം
ഗുലാബ് ജാന്‍
പ്രിയേഷ് കുമാര്‍
കെ.പി.ചന്ദ്രന്‍

WATCH THIS VIDEO: