തന്റെ കാനഡ സന്ദര്‍ശനത്തിനിടെ കൂട്ട വംശഹത്യക്ക് ഇരയായ കാനഡയിലെ തദ്ദേശീയരായ കുട്ടികളോടും അവരുടെ പിന്‍ തലമുറക്കാരോടും മാപ്പ് പറഞ്ഞിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എന്നാല്‍ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും വിഷയത്തില്‍ കത്തോലിക്കാ സഭക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നുമായിരുന്നു കനേഡിയന്‍ സര്‍ക്കാരിന്റെ വിഷയത്തിലെ പ്രതികരണം.
എന്തായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ വരെ തുടര്‍ച്ചയായി മാപ്പ് പറയാന്‍ കാരണമായ, കത്തോലിക്കാ സഭക്കുള്ളില്‍ നടന്ന വംശഹത്യയെ പുറത്തെത്തിച്ച ആ സംഭവം.
കത്തോലിക്ക സഭക്ക് കീഴില്‍ പ്രവര്‍ത്തിച്ചുപോന്ന കാനഡയിലെ റസിഡന്‍ഷ്യന്‍ സ്‌കൂളുകളില്‍ തദ്ദേശീയരായ ആയിരക്കണക്കിന് കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു മാര്‍പ്പാപ്പ ക്ഷമാപണം നടത്തിയത്.
2021ല്‍ ഗോത്ര വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാനഡയിലെ പഴയ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പരിസരങ്ങളില്‍ നിന്നും കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മറ്റൊരു സ്‌കൂളില്‍ നിന്നും തിരിച്ചറിയപ്പെടാത്ത തരത്തില്‍ 700ലധികം ശവക്കല്ലറകളും കണ്ടെത്തിയിരുന്നു.
കാംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന ഭൂമിയില്‍ നിന്ന് മാര്‍ക്ക് ചെയ്യപ്പെടാത്ത രീതിയില്‍ കുട്ടികളുടെ 215 കല്ലറകളും കണ്ടെത്തി. അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ മെയ് മാസത്തില്‍ കണ്ടെത്തിയിരുന്നു.
അതിനുശേഷം നടത്തിയ തിരച്ചിലുകളില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച മറ്റു സ്ഥലങ്ങളിലും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ നിന്ന് ഇത്തരത്തില്‍ ആയിരത്തിലേറെ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് കത്തോലിക്കാ സഭയ്ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.
150 വര്‍ഷത്തിലധികം നീണ്ടുനിന്ന ചൂഷണങ്ങളുടെയും വംശഹത്യയുടെയും കഥകളായിരുന്നു കല്ലറകള്‍ കണ്ടെത്തിയതിന് പിന്നാലെ പുറത്തുവന്നത്.
1800 മുതല്‍ 1970 വരെയുള്ള കാലഘട്ടങ്ങളില്‍ കത്തോലിക്കാ സ്‌കൂളുകളില്‍ പഠിച്ചിരുന്ന തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ കൊടിയ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.
1800- 1970 കാലത്ത് കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്നതിന് വേണ്ടി തദ്ദേശീയരായ കുട്ടികളെ നിര്‍ബന്ധപൂര്‍വം മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തി കൊണ്ടുവന്നു. ഒന്നര ലക്ഷത്തിലധികം കുട്ടികളായിരുന്നു ഇത്തരത്തില്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിയപ്പെട്ടത്.
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനും വിശാലമായ കനേഡിയന്‍ സംസ്‌കാരത്തിലേക്ക് അവരെ എത്തിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു തദ്ദേശീയരായ കുട്ടികളെ സ്‌കൂളുകളിലെത്തിച്ചിരുന്നത്.
150 വര്‍ഷത്തെ കാലയളവില്‍ കാനഡയിലെ തദ്ദേശീയരായ, ഫസ്റ്റ് നേഷന്‍ പീപ്പിളെന്നും ഇന്ത്യന്‍സ് എന്നുമെല്ലാം വിളിക്കുന്ന ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള 150,000 കുട്ടികളെ സര്‍ക്കാര്‍ കരാറിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 139 സ്‌കൂളുകളില്‍ ചേര്‍ത്തു, അവയില്‍ മിക്കതും കത്തോലിക്കാ സഭയുടെ കീഴിലായിരുന്നു.
”കുട്ടികള്‍ ശാരീരികമായും ലൈംഗികമായും ദുരുപയോഗം ചെയ്യപ്പെട്ടു, രാജ്യത്തെവിടെയും, ഒരു സ്‌കൂള്‍ സംവിധാനത്തിലും സംഭവിക്കാത്തത്ര എണ്ണം കുട്ടികള്‍ സ്‌കൂളുകളില്‍ മരിച്ചുവീണു,” അതിജീവിച്ച കുട്ടികളില്‍ നിന്നുമെടുത്ത പ്രതികരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് 2015 ട്രൂത് ആന്‍ഡ് റീകണ്‍സിലിയേഷന്‍ കമ്മീഷന്‍ (2015 Truth and Reconciliation Commission) റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തദ്ദേശീയരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായിരുന്നില്ല, മറിച്ച് അവരുടെ സ്വന്തം ഐഡന്റിറ്റിയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും കുട്ടികളെ വേര്‍പെടുത്തുന്നതിനായിരുന്നു കത്തോലിക്കാ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇത്തരത്തില്‍ കാനഡയില്‍ കത്തോലിക്കാ സഭയ്ക്ക് കീഴിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 4120 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ കണക്കിനേക്കാള്‍ എത്രയോ കുറവാണ് സര്‍ക്കാര്‍ രേഖകളിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
‘സാംസ്‌കാരിക വംശഹത്യ’ (Cultural Genocide) എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചിരുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ അവരുടെ മാതൃഭാഷ സംസാരിച്ചതിന്റെ പേരില്‍ പട്ടിണി കിടക്കേണ്ടി വരികയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. പലരും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.
Content Highlight: Cultural Genocide happened in Residential schools under Catholica sabha in Canada, that led to an apology from Pope Francis