തിരുവനന്തപുരം: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രാജ്യത്തെ 55 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ആണെന്നും മദര്‍ ജനറല്‍ സിസ്റ്റര്‍ റജീന ബിഷപ്പിന്റെ നിര്‍ദ്ദേശം നടപ്പാക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. കന്യാസ്ത്രീകളെ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തില്‍ നിന്നും പുറത്താക്കാനാണ് നീക്കമെന്നും കത്തില്‍ പറയുന്നു.
വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ പാര്‍പ്പിക്കാന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കവി സച്ചിദാനന്ദന്‍, ആനന്ദ്, മനീഷ സേഥി തുടങ്ങിയവരാണ് കത്തിനെ പിന്തുണക്കുന്നത്.
ALSO READ: ഭാരതരത്‌നയെ അപമാനിച്ചുവെന്നാരോപണം; ആസാം ഗായകന്‍ സുബീന്‍ ഗാര്‍ഗിനെതിരെ എഫ്.ഐ.ആര്‍
ഫ്രാങ്കോയ്ക്കെതിരെ തെരുവില്‍ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയാണ് സഭ സ്ഥലം മാറ്റിയത്. ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവര്‍ക്കെതിരെയാണ് സഭയുടെ പ്രതികാരനടപടിയുണ്ടായത്.
സമരനേതാവ് സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവരോട് ബീഹാറിലെ മഠത്തിലേക്കും സിസ്റ്റര്‍ ആന്‍സിറ്റയോട് കണ്ണൂരിലേക്ക് തിരിച്ചുപോകാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. എന്നാല്‍ സ്ഥലംമാറ്റിയ സഭയുടെ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് കന്യാസ്ത്രീകള്‍.
ALSO READ: മോദി സര്‍ക്കാര്‍ ശിവകുമാര സ്വാമിക്ക് ഭാരതരത്ന നിഷേധിച്ചത് നിരാശാജനകം: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ജനുവരി മൂന്നിനാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ജനുവരി പത്തിനാണ് ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് കൈമാറിയത്. ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ നിലവില്‍ സ്ഥലം മാറ്റിയിട്ടില്ല.
അതേസമയം ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപിച്ച് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിട്ടുണ്ട്.
WATCH THIS VIDEO: