| Saturday, 13th June 2020, 11:10 am

'അനങ്ങാപ്പാറ നയം സ്വീകരിച്ചിട്ടുള്ള ഭരണകൂട സംവിധാനങ്ങള്‍ തിരുത്തണം'; പി.വി അന്‍വറിനെ നിയമസഭാപരിസ്ഥിതി സമിതിയില്‍ നിന്നും ഒഴിവാക്കാണമെന്ന് സാംസ്‌കാരികപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയെ നിയമസഭാപരിസ്ഥിതി സമിതിയില്‍ നിന്നും ഒഴിവാക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രിയോടും നിയമസഭാ സ്പീക്കറോടും ആവശ്യപ്പെട്ട് സാംസ്‌ക്കാരികപ്രവര്‍ത്തകര്‍.

മലപ്പുറം ജില്ലയിലെ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ചു മാറ്റാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പൂര്‍ണ്ണമായും ശരിവച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി വന്ന സാഹചര്യത്തിലാണ് പി.വി അന്‍വറിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രൊഫ.എം.എന്‍ കാരശ്ശേരി, കെ. അജിത പ്രൊഫ കുസുമം, ജോസഫ് സി. ആര്‍ നീലകണ്ഠന്‍ ഡോ.ആസാദ് എന്നിവര്‍ രംഗത്തെത്തിയത്.

നഗ്‌നമായ നിയമ ലംഘനങ്ങള്‍ നടത്തിയ ഒരാള്‍ നിയമസഭയില്‍ തുടരുന്നതി നിയമപരമായും ധാര്‍മ്മികമായും ശരിയാണോ എന്നു പരിശോധിക്കണമെന്നും അന്‍വറിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നുമാണ് ഇവരുടെ ആവശ്യം.

”കൂടരഞ്ഞി വില്ലേജിലെ കക്കാടം പൊയിലില്‍ നിര്‍മ്മിച്ചിട്ടുള്ള അനധികൃത തടയണകള്‍ പൊളിച്ചു മാറ്റാനും തേനരുവിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറി അടച്ചുപൂട്ടാനും അവിടെ സ്വാഭാവിക അരുവികള്‍ വഴി തിരിച്ചു വിട്ടതു പൂര്‍വ്വസ്ഥിതിയിലാക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഈ അനധികൃത നിര്‍മ്മാണങ്ങള്‍ നേരിട്ടു കാണാനും പ്രതിഷേധിക്കാനുമെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകരെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചത് സംബന്ധിച്ചുള്ള കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നിയമലംഘനത്തിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയുടെ ഗുണ്ടകളാണ് കേസിലെ പ്രതികള്‍,” ഇവര്‍ ആരോപിച്ചു.

മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ രണ്ടു ജില്ലകളില്‍പെട്ട ഊര്‍ങ്ങാട്ടിരി, കൂടരഞ്ഞി പഞ്ചായത്തുകളിലായി നടത്തിയ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കും പരിസ്ഥിതിക്കും ഏല്‍പ്പിക്കുന്ന കനത്ത ആഘാതത്തെപ്പറ്റിയും അതിനിടയാക്കുന്ന നിയമലംഘനത്തെപ്പറ്റിയും റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടും അനങ്ങാപ്പാറനയം സ്വീകരിച്ചിട്ടുള്ള ഭരണകൂട സംവിധാനങ്ങള്‍ തിരുത്താന്‍ തയ്യാറാവണമെന്നും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

” ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ പൊതുപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തിയതിനെതിരെ ഒരക്ഷരം പോലും മിണ്ടാതെ കയ്യേറ്റത്തെയും അക്രമത്തെയും അംഗീകരിക്കാനാണ് മുഖ്യമന്ത്രിയും സര്‍ക്കാറും ശ്രമിച്ചത്. അതു തിരുത്താന്‍ ഈ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലെങ്കിലും തയാറാകണം. പരിസ്ഥിതി നിയമങ്ങള്‍ ഇത്ര പരസ്യമായി ലംഘിക്കുന്ന, തുടര്‍ച്ചയായി അതിനെ ന്യായീകരിക്കുന്ന ഒരു വ്യക്തിയെ നിയമസഭയുടെ പരിസ്ഥിതി വിഷയസമിതിയില്‍ അംഗമായി തുടരാന്‍ അനുവദിക്കുന്നത് നിയമസഭയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. ഇക്കാര്യം ബഹുമാനപ്പെട്ട ഗവര്‍ണറെ ഞങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയതാണ്,” സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു.

കൂടരഞ്ഞിയിലെ കക്കാടംപൊയില്‍ തടയണയും റിസോര്‍ട്ടുകളും നദിയുടെ മദ്ധ്യത്തിലെ നിര്‍മാണങ്ങളും തേനരുവിയിലെ ക്വാറിയും നിയമങ്ങള്‍ ലംഘിക്കുന്നു എന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടു മാസങ്ങളായിട്ടും അവര്‍ക്കെതിരെ യാതൊരു വിധ നടപടിയും എടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് തീര്‍ത്തും അപമാനകരമാണെന്നും നിയമ ലംഘകര്‍ക്കെതിരെ കേസെടുക്കാനും സര്‍ക്കാന്‍ തയ്യാറാവണമെന്നും സാംസ്‌കാരികപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more