കൊല്‍ക്കത്തയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; ഒമ്പത് പേര്‍ അറസ്റ്റില്‍
national news
കൊല്‍ക്കത്തയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; ഒമ്പത് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th August 2024, 4:10 pm

കൊല്‍ക്കത്ത: യുവ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ അക്രമി സംഘത്തിലെ ഒമ്പത് പേരാണ് അറസ്റ്റ് ചെയ്യപ്പട്ടത്.

ഇന്ന് പുലര്‍ച്ചെ 12.40 തോട് കൂടി ആശുപത്രി വളപ്പിലെത്തിയ അക്രമികള്‍ പ്രതിഷേധക്കാരുടെ വേഷത്തിലാണ് ഉള്ളിലേക്ക് പ്രവേശിച്ചത്. അക്രമണത്തില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗവും രണ്ട് പൊലീസ് വാഹനങ്ങളും ഒരു ബൈക്കും തകര്‍ന്നിരുന്നു. ഇതിന് പുറമെ യുവ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്ന പന്തലും പൊലീസ് ചെക്ക് പോസ്റ്റും അക്രമികള്‍ നശിപ്പിച്ചു.

അക്രമത്തില്‍ 15 പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

വിഷയത്തില്‍ ഉടനടി അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതികളുടെ ചിത്രം സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ യുവ ഡോക്ടറുടെ കൊലപാതകത്തിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാനാണ് ഈ ആക്രമണം നടത്തിയതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

അക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്ന് ആരോപിച്ച് ബംഗാളിലെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഇത് ഡോക്ടര്‍മാരുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തന്ത്രമാണെന്നും അത് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു.

യുവഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച്, നാളെ സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒ.പി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൊല്‍ക്കത്തയിലെ യുവ ഡോക്ടരുടെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പിലാക്കുക, കൊലപാതകത്തിന് ഉത്തരവാദികളായ അധികൃതരെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം. ഇവയ്ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ സമരം അനിശ്ചിത കാലത്തേക്ക് നീളും.

ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒയും നാളെ കരിദിനം ആചരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് വിധേയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി സഞ്ജയ് റോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ കല്‍ക്കട്ട ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിന്നു. എന്നാല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് അക്രമസംഭവം ഉണ്ടായത്.

Content Highlight: Culprits got arrested in R.G Car Medical College attack