| Monday, 26th March 2018, 8:10 am

കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥി സമരം; പ്രക്ഷോഭം ശക്തമാക്കി വിദ്യാര്‍ഥികള്‍: നിരാഹാരസമരത്തിനൊരുങ്ങി 40 വിദ്യാര്‍ഥികള്‍ കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരിയ: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം വര്‍ധിക്കുന്നു. സമരത്തിന്റെ അഞ്ചാം ദിവസത്തില്‍ 40 വിദ്യാര്‍ഥികളാണ് നിരാഹാരസമരത്തിനായി സര്‍വ്വകലാശാലയില്‍ എത്തിയത്.

സര്‍വ്വകലാശാല ഹോസ്റ്റലിലെ പാചകത്തൊഴിലാളികളെ പിരിച്ചുവിട്ട സര്‍വ്വകലാശാലാധികൃതര്‍ ഹോസ്റ്റലില്‍ കുക്ക് അടക്കമുള്ള ജീവനക്കാരെ നിയമിക്കേണ്ടത് വിദ്യാര്‍ഥികളാണെന്ന് ഉത്തരവിട്ടിരുന്നു. കുടാതെ സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുന്ന വിദ്യാര്‍ഥികള്‍ 4 വര്‍ഷം കഴിയുമ്പോള്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ ഒഴിയണമെന്നും സര്‍വ്വകാലശാല അധികൃതര്‍ ഉത്തരവിട്ടിരുന്നു.


ALSO READ:

വേണമെങ്കില്‍ സ്വന്തം കാശിനു ഹോസ്റ്റല്‍ ജീവനക്കാരെ നിയമിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് കേരള കേന്ദ്രസര്‍വ്വകലാശാല; നടപടിയ്ക്കെതിരെ അനിശ്ചിതകാല നിരാഹാര സമരവുമായി വിദ്യാര്‍ത്ഥികള്‍


ഇതിനെതിരെയായിരുന്നു വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. ആദ്യം അഞ്ച് വിദ്യാര്‍ഥികളുമായി ആരംഭിച്ച സമരത്തില്‍ പിന്നീട് നിരവധി വിദ്യാര്‍ഥികള്‍ തങ്ങളുടെ പങ്കാളിത്തം അറിയിക്കയായിരുന്നു.

അതേസമയം യൂ.ജി.സി നിര്‍ദ്ദേശമനുസരിച്ച് എല്ലാ കേന്ദ്ര സര്‍വ്വകലാശാല ഹോസറ്റലുകളും വിദ്യാര്‍ഥികളുടെ നേതൃത്വത്തലാണ് പ്രവര്‍ത്തിക്കുന്നത്. താല്ക്കാലിക ജീവനക്കാരെ കൃത്യമായ ഇടവേളയ്ക്ക് ശേഷം പിരിച്ചുവിടണമെന്നുള്ളത് യൂണിവേഴ്‌സിറ്റി ചട്ടമാണെന്നും സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ജി.ഗോപകുമാര്‍ പറഞ്ഞു.

നിലവില്‍ കോഴ്‌സ് പൂര്‍ത്തിയാകുന്ന പി.എച്ച്.ഡി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവേശനത്തെ എതിര്‍ക്കുന്നത് സര്‍വ്വകലാശാലയില്‍ എത്തുന്ന പുതിയ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമൊരുക്കാനാണന്നും വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഹോസ്റ്റല്‍ സംബന്ധിച്ച വിഷയത്തില്‍ കൃത്യമായ തീരുമാനമുണ്ടാകുന്നതുവരെ നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more