ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു
Daily News
ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th November 2016, 11:07 am

1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡല്‍ അധികാരത്തിലെത്തി. 1965ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.


ക്യൂബ: ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. ക്യൂബന്‍ ടിവിയാണ് വാര്‍ത്തപുറത്ത് വിട്ടത്. 90 വയസായിരുന്നു. വര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഏഴ് പതിറ്റാണ്ട് കാലം ഇടത് ചിന്തയുടെ പ്രതീകമായിരുന്നു കാസ്‌ട്രോ. 1926 ഓഗസ്റ്റ് 13നായിരുന്നു കാസ്‌ട്രോയുടെ ജനനം. ക്യൂബയില്‍ ജനിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്നു ഫിദല്‍ കാസ്‌ട്രോ.

1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡല്‍ അധികാരത്തിലെത്തി. 1965ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ കാസ്‌ട്രോ ശ്രമിച്ചു. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹവാന സര്‍വ്വകലാശാലയില്‍ നിയമം പഠിക്കുമ്പോഴാണ് കാസ്‌ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്.ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്ഥാപിത സര്‍ക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹം ശക്തമായത്.

മൊന്‍കാട ബാരക്‌സ് ആക്രമണം എന്നറിയപ്പെടുന്ന പരാജയപ്പെട്ട ഒരു വിപ്ലവശ്രമത്തിനുശേഷം കാസ്‌ട്രോ ജയിലില്‍ അടക്കപ്പെട്ടു. ജയില്‍ വിമോചിതനായശേഷം, അദ്ദേഹത്തിന് തന്റെ സഹോദരനായ റൗള്‍ കാസ്‌ട്രോയുമൊത്ത് മെക്‌സിക്കോയിലേക്ക് പലായനം ചെയ്യേണ്ടി വന്നു.

അവിടെ വെച്ച് ഫിദല്‍, റൗള്‍ കാസ്‌ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു. ചരിത്രപ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിലൂടെ കാസ്‌ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു.

ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായുള്ള ക്യൂബയുടെ വളര്‍ച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്‌ട്രോയെ പുറത്താക്കാന്‍ ആവുന്നത്ര ശ്രമിച്ചു: ക്യൂബക്കകത്ത് ആഭ്യന്തരപ്രശ്‌നങ്ങളുണ്ടാക്കി. രാജ്യത്തിനുമേല്‍ സാമ്പത്തിക ഉപരോധം നടപ്പിലാക്കി. ഇതിനെയെല്ലാം കാസ്‌ട്രോയുടെ നേതൃത്വത്തില്‍ ക്യൂബ അതിജീവിച്ചു.

എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പിടിച്ചുനില്‍ക്കുന്നതിന് കാസ്‌ട്രോ റഷ്യയുമായി സഖ്യമുണ്ടാക്കി. അമേരിക്കക്കെതിരേ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ റഷ്യ ക്യൂബയില്‍ മിസൈല്‍ താവളങ്ങള്‍ പണിഞ്ഞു, ആയുധങ്ങള്‍ സ്ഥാപിച്ചു. മറ്റൊരു ലോക മഹായുദ്ധത്തിന്റെ വക്കിലേക്കെത്തിയ ഈ സംഭവം ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധി എന്നറിയപ്പെടുന്നു.

1965 ല്‍ സ്ഥാപിതമായ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി കാസ്‌ട്രോ സ്ഥാനമേറ്റു. ക്യൂബയെ ഒരു പൂര്‍ണ്ണ സോഷ്യലിസ്റ്റു രാജ്യമായി കാസ്‌ട്രോ പ്രഖ്യാപിച്ചു.മുതലാളിത്തത്തെ തകര്‍ക്കാനുള്ള എല്ലാ വിപ്ലവമുന്നേറ്റങ്ങളേയും കാസ്‌ട്രോ പ്രോത്സാഹിപ്പിച്ചു.

സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കക്കെതിരേ പോരാടാനായി കാസ്‌ട്രോ പുതിയ സഖ്യങ്ങള്‍ തേടിത്തുടങ്ങി. ലോകത്താകമാനം അമേരിക്കന്‍ വിരുദ്ധ രാജ്യങ്ങളുടെ ഒരു സഖ്യം അദ്ദേഹം വിഭാവനം ചെയ്തു. ബൊളീവിയ, ക്യൂബ, ഡൊമനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍ തുടങ്ങിയവയുടെ ഒരു സഖ്യം ഇതിനായി രൂപീകരിച്ചു.

ഈ സഖ്യം ബൊളിവേറിയന്‍ അലയന്‍സ് ഫോര്‍ ദ അമേരിക്കാസ് എന്നറിയപ്പെടുന്നു.ധ9പ ആരോഗ്യപരമായ കാരണങ്ങളാല്‍ 2006ല്‍ ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിഞ്ഞു. അധികാരം പിന്‍ഗാമിയായിരുന്ന സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് കൈമാറി.