ക്യൂബൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ യു.എസ് എംബസിയിലേക്ക് ഫലസ്തീൻ അനുകൂല മാർച്ച്; ഫിദൽ കാസ്ട്രോയ്ക്ക് ശേഷം ഇതാദ്യം
World News
ക്യൂബൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ യു.എസ് എംബസിയിലേക്ക് ഫലസ്തീൻ അനുകൂല മാർച്ച്; ഫിദൽ കാസ്ട്രോയ്ക്ക് ശേഷം ഇതാദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2023, 5:54 pm

ഹവാന: ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയെ അപലപിച്ച് ക്യൂബൻ പ്രസിഡന്റിന്റെയും പ്രധാന മന്ത്രിയുടെയും നേതൃത്വത്തിൽ യു.എസ് എംബസിയിലേക്ക് പതിനായിരങ്ങളുടെ മാർച്ച്‌.

മുൻ ക്യൂബൻ പ്രസിഡന്റ്‌ ആയിരുന്ന ഫിദൽ കാസ്ട്രോ അമേരിക്കൻ ഉപരോധങ്ങൾക്കെതിരെ ഇത്തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇത്തരത്തിലുള്ള ആദ്യ പ്രതിഷേധ മാർച്ചാണ് ഇതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫലസ്തീനിയൻ പരമ്പരാഗത വേഷമായ കഫിയ ധരിച്ചായിരുന്നു ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡയസ് കനേൽ റാലിയിൽ പങ്കെടുത്തത്. പ്രതിഷേധക്കാർ രണ്ട് കിലോമീറ്റർ സഞ്ചരിച്ചായിരുന്നു യു.എസ് എംബസിക്ക് മുമ്പിലെത്തിയത്.

ക്യൂബയിൽ പഠിക്കുന്ന ഫലസ്തീനി മെഡിക്കൽ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു.

ഫലസ്തീൻ പതാകകളും ബാനറുകളും കയ്യിൽ പിടിച്ച പ്രതിഷേധക്കാർ ‘ഫലസ്തീനെ മോചിപ്പിക്കുക, ഇസ്രഈൽ എന്നാൽ വംശഹത്യയാണ്’ (Free, free Palestine, Israel is Genocide), ‘ഫലസ്തീനിന്റെ സ്വാതന്ത്ര്യത്തോടൊപ്പം, (Up with Palestine Freedom) തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു മാർച്ച്‌ നടത്തിയത്.

മാർച്ച് യു.എസ് എംബസിയിലേക്ക് നടത്തിയത് യാദൃശ്ചികമല്ലെന്നും ഇസ്രഈൽ നടപടികളെ പിന്തുണയ്ക്കുന്നതിന്റെ ഉത്തരവാദിത്വം യു.എസിനാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

‘ഇസ്രഈൽ എന്ന രാഷ്ട്രത്തെ പിന്തുണക്കുന്നതിന്റെ ഉത്തരവാദിത്തം അമേരിക്കക്കാണ്. ഫലസ്തീനികളെ കൂട്ടക്കുരുതി നടത്തുന്നതിനെ അവർ പിന്തുണയ്ക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെടുന്നു,’ സർവ്വകലാശാല അധ്യാപികയായ അനറ്റ് റോഡ്രിഗസ് പറഞ്ഞു.

Content Highlight: Cuban president leads Pro palestine demo in front of US embassy in Havana