ഇതാ അടുത്ത ക്യൂബന്‍ മോഡല്‍; 37 രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ പിന്തുണ; കൊവിഡില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കി രാജ്യം
COVID-19
ഇതാ അടുത്ത ക്യൂബന്‍ മോഡല്‍; 37 രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ പിന്തുണ; കൊവിഡില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കി രാജ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th March 2020, 10:44 pm

ഹവാന: ലോകമൊട്ടാകെ കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ 37 രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ച് ക്യൂബ. കൊവിഡില്‍ പ്രതിസന്ധിയിലാഴ്ന്ന ഇറ്റലിയിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചതിന് പിന്നാലെയാണ് ക്യൂബയുടെ പുതിയ തീരുമാനം.

ക്യൂബന്‍ ഡോക്ടര്‍മാര്‍ അവരെ ഏല്‍പിച്ചിരിക്കുന്ന ജോലി ഭംഗിയായി ചെയ്യുന്നുണ്ടെന്നും സ്വയ രക്ഷക്കും പരിചരണത്തിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ടെന്നും മിന്‍സാപ്പ് സെന്‍ട്രല്‍ യൂണിറ്റ് ഓഫ് മെഡിക്കല്‍ കൊളാബ്രേഷന്‍ ഡയറക്ടര്‍ ഡോ ജോര്‍ഗ് ജുവാന്‍ ഡെല്‍ഗാഡോ ബസ്റ്റിലോ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ കൊവിഡ് പ്രരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിട്ടുള്ള തങ്ങളുടെ ഡോക്ടര്‍മാര്‍ക്കാര്‍ക്കും രോഗം പിടിപെട്ടിട്ടില്ലെന്നും അദ്ദേഹം ഗ്രാന്‍മ പത്രത്തിനോട് പറഞ്ഞു. നിലവില്‍ 59 രാജ്യങ്ങള്‍ക്ക് ക്യൂബ മെഡിക്കല്‍ സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ക്യൂബന്‍ മെഡിക്കല്‍ ടീം രംഗത്തെത്തിയത്. 52 ആരോഗ്യപ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് ക്യൂബയില്‍നിന്നും ഇറ്റലിയിലെത്തിയത്. ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസ് കേസിലും പരിചയമുള്ളവരാണ് ഡോക്ടര്‍മാരില്‍ മിക്കവരും.

മഹാമാരിയെ തടയുന്നതിനായി കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ നിന്നും പുറപ്പെടുന്ന ആറാമത്തെ ടീമാണിതെന്നും യൂറോപിലേക്കുള്ള ആദ്യത്തെ ടീമാണെന്നും ഒരു ക്യൂബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. മാഹാമാരികളെയും ദുരന്തങ്ങളെയും നേരിടുന്നതില്‍ വിദഗ്ധരായ 144 പേരടങ്ങുന്നവരുടെ സംഘം കൊവിഡിനെ നേരിടുന്നതിനായി ശനിയാഴ്ച ജമൈക്കയിലേക്ക് പോയിട്ടുണ്ട്.

1960ലെ ക്യൂബന്‍ വിപ്ലവത്തിന് ശേഷമാണ് അന്താരാഷ്ട്രതലത്തില്‍ തങ്ങളുടെ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുളളവര്‍ക്ക് എത്തിക്കുന്നതില്‍ ക്യൂബ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. ചിലിയില്‍ അയ്യാരത്തിലധികം പേര്‍ ഭൂമി കുലുക്കത്തില്‍ കൊല്ലപ്പെട്ടപ്പോഴും, യുദ്ധം വലച്ച അള്‍ജീരിയയിലും ക്യൂബ തങ്ങളുടെ മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു. കത്രീന ദുരിതം തീര്‍ത്ത അമേരിക്കയിലും തങ്ങളുടെ ഡോക്ടര്‍മാരെ വിന്യസിക്കാന്‍ ക്യൂബ തയ്യാറായിരുന്നു.

ക്യൂബയിലെ പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സോവിയറ്റ് യൂണിയന്റെ സഹായത്താലാണ് ക്യൂബ എന്ന ചെറു രാജ്യം വികസിത രാഷ്ട്രങ്ങളോട് കടപിടിക്കുന്ന തരത്തില്‍ ആരോഗ്യ രംഗത്ത് പുരോഗതി കൈവരിക്കുന്നത്.

അമേരിക്ക ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആവശ്യ മരുന്നുകളുടെ ലഭ്യത ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്ത് ക്യൂബയില്‍ നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും ക്യൂബയൂടേത് മറ്റേത് രാജ്യത്തോടും മത്സരിച്ച് നില്‍ക്കാന്‍ പര്യാപ്തമായ ആരോഗ്യ മേഖല തന്നെയാണ് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ക്യൂബയുടെ ഗ്ലോബല്‍ ഹെല്‍ത്ത് ക്രൈസിസ് റെസ്‌പോണ്‍സ് സിസ്റ്റം അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാരുടെ സേവനം വിഭാവനം ചെയ്യുന്നതാണ്. ക്യൂബയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത് താനൊരു പൊതു സേവകനാണ് എന്ന തിരിച്ചറിവോട് കൂടെയാണെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളാണ് വിദ്യാര്‍ത്ഥികളെ ഇതിനു പ്രാപ്തമാക്കുന്നത്.

ആരോഗ്യ പരിരക്ഷ എന്നത് ലോകത്തെ ഓരോ വ്യക്തിയുടെയും അവകാശമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ക്യൂബന്‍ ആരോഗ്യ മേഖല പ്രവര്‍ത്തിക്കുന്നത്. ഇത് തന്നെയാണ് കൊറോണ ബാധിച്ച രോഗികളുമായെത്തിയ എം.എസ് ബ്രാമിയാര്‍ എന്ന ബ്രിട്ടീഷ് കപ്പലിന് കരയ്‌ക്കെടുക്കാന്‍ മറ്റു രാജ്യങ്ങള്‍ അനുമതി നിഷേധിച്ചപ്പോഴും ക്യൂബ അവര്‍ക്ക് അനുമതി നല്‍കിയതിന്റെ കാരണവും.