ദുരന്തമുഖത്ത് ക്യൂബ രക്ഷക്കെത്തുന്നത് ആദ്യമായല്ല നിങ്ങള്‍ ക്യൂബയുടെ ചരിത്രമറിയണം
ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 സാരമായി ബാധിക്കുകയും ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുക്കുകയും ചെയ്ത ഇറ്റലിയെ സഹായിക്കാനായി ക്യൂബയില്‍ നിന്നും ഡോക്ടര്‍മാരുടെ ദൗത്യസംഘമെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. കൊവിഡ് 19 ലോകത്തെ ഒന്നാകെ കനത്ത പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടത്.

പരസ്പര സഹായങ്ങള്‍ക്കും മറ്റും ആര്‍ക്കും ഒന്നും സാധ്യമാകാത്ത സാഹചര്യങ്ങള്‍. ഈ ഘട്ടത്തിലാണ് ക്യൂബയില്‍ നിന്നുള്ള 52 അംഗ മെഡിക്കല്‍ സംഘം ഇറ്റലിയിലേക്ക് സഹായവുമായി എത്തുന്നത്. ഇറ്റലി ഒരു ശവക്കൂനയായി മാറികൊണ്ടിരിക്കുന്നു എന്ന് അന്നാട്ടിലെ ജനങ്ങള്‍ തന്നെ ലോകത്തോട് വിളിച്ച് പറഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുന്ന സാഹചര്യത്തിലാണ് കൊവിഡ് ബാധ ഏറ്റവും രുക്ഷമായി ബാധിക്കപ്പെട്ട ലൊംബാര്‍ഡിയിലേക്ക് ഡോക്ടര്‍മാരും നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെട്ട സംഘം ക്യൂബയില്‍ നിന്ന് പുറപ്പെട്ടത്.

ഇറ്റാലിയന്‍ ഹെല്‍ത്ത് കെയര്‍ സംവിധാനത്തിന് താങ്ങാന്‍ കഴിയാത്ത രീതിയിലേക്ക് കൊവിഡ് രോഗവ്യാപാനം എത്തിയതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസിപ്പേ കോണ്ടേ സഹായം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ലോകത്തിലെ തന്നെ വലിയ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ഇറ്റലിയിലേക്ക് സഹായവുമായി എത്തിയത് ക്യൂബ എന്ന ചെറുരാജ്യമാണ്. ഇതുവരെ ആറോളം മെഡിക്കല്‍ സംഘങ്ങളെ കൊവിഡ് 19 നെ നേരിടാന്‍ ക്യൂബ വിദേശ രാജ്യങ്ങളിലേക്ക് അയച്ചു കഴിഞ്ഞു. വെനസ്വേല, നിക്കാരഗുവ, ജമൈക്ക, സുരിനാമി, ഗ്രെനേഡ എന്നീ രാജ്യങ്ങളിലേക്കാണ് ക്യൂബ ഇതുവരെ മെഡിക്കല്‍ സംഘങ്ങളെ അയച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറ്റലിയിലേക്ക് പോകുമ്പോള്‍ തീര്‍ച്ചയായും തങ്ങള്‍ക്ക് ഭയമുണ്ട്. പക്ഷേ വിപ്ലവകരമായ ഒരു ദൗത്യം പൂര്‍ത്തീകരിക്കാന്‍ തങ്ങള്‍ക്ക് ഭയം മാറ്റിവെച്ച് പോയേ തീരുവെന്നാണ് ക്യൂബന്‍ മെഡിക്കല്‍ സംഘത്തിലെ മുതിര്‍ന്ന അംഗമായ ഡോക്ടര്‍ ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് മാധ്യമങ്ങളോട് പറഞ്ഞത്. ഭയമില്ലാത്തവര്‍ സൂപ്പര്‍ ഹീറോകളാണ് എന്നാണ് പറയാറ് പക്ഷേ ഞങ്ങള്‍ സൂപ്പര്‍ ഹീറോകളല്ല ക്യുബയിലെ വിപ്ലവകാരികളായ ഡോക്ടര്‍മാരാണ് എന്നും അദ്ദേഹം പോകുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മഹത്തായ ഒരു ദൗത്യത്തത്തിനായാണ് തങ്ങള്‍ ഇറ്റലിയിലേക്ക് തിരിക്കുന്നത് എന്നാണ് ക്യൂബന്‍ മെഡിക്കല്‍ സംഘത്തിലെ തന്നെ മറ്റൊരു അംഗമായ ഗ്രാസിലിയാനോ ഡയസ് പറഞ്ഞത്. കൊവിഡ് 19 അനിയന്ത്രിതമായി പടര്‍ന്ന് ദിവസേന നൂറ് കണക്കിന് ആളുകള്‍ മരിക്കുന്ന ഒരു രാജ്യത്തിന് ക്യൂബന്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായം ചെറുതല്ലാത്ത ആശ്വാസം പകരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതാദ്യമായല്ല ക്യൂബ അന്താരാഷ്ട്ര മെഡിക്കല്‍ ദൗത്യങ്ങള്‍ ഏറ്റെടുത്ത് ലോക രാജ്യങ്ങള്‍ക്ക് സഹായവുമായി രംഗത്തെത്തുന്നത്. 2014ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ ഭീതയിലാക്കിയ എബോള വൈറസ് ബാധയുടെ സമയത്തും ക്യൂബയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം സഹായവുമായി എത്തിയിരുന്നു.

പശ്ചിമ ആഫ്രിക്കയില്‍ ക്യൂബയില്‍ നിന്നെത്തിയ ഡോക്ടര്‍മാരടങ്ങുന്ന നൂറോളം പേര്‍ ചേര്‍ന്ന മെഡിക്കല്‍ സംഘം പ്രശംസനീയമായ സേവനമാണ് എബോളയെ നിയന്ത്രണവിധേയമാക്കുന്നതില്‍ കാഴ്ച്ചവെച്ചത്. അന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍െൈഗനസേഷന്റെ ഡയറക്ടര്‍ ആയിരുന്ന മാര്‍ഗറേറ്റ് ചാന്‍ ക്യൂബ ഡോക്ടര്‍മാരെയും നഴ്സുമാരെയും ട്രെയിന്‍ ചെയ്യുന്നതില്‍ മികച്ച മാതൃകകളാണ് പിന്തുടരുന്നതെന്ന് അഭിപ്രായപ്പെട്ടിരുന്നു.

സമാനമായ രീതിയില്‍ ഹെയ്ത്തിയില്‍ നിരവധി പേരുടെ ജീവനെടുത്ത കോളറ പടര്‍ന്നു പിടിച്ചപ്പോഴും ഐക്യരാഷ്ട്ര സംഘടന ആദ്യം ആവശ്യപ്പെട്ടത് ക്യൂബന്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായമായിരുന്നു.

അന്തരാഷ്ട്ര മെഡിക്കല്‍ ദൗത്യങ്ങള്‍ ചെയ്തുള്ള ക്യൂബന്‍ സംഘത്തിന്റെ പരിചയമാണ് ഹെയ്ത്തിയില്‍ ആദ്യ ഇടപെടലുകള്‍ നടത്താന്‍ ക്യൂബന്‍ സംഘത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കാന്‍ യു.എന്നിനെ പ്രേരിപ്പിച്ചത്. ഇതിനോടകം ആറില്‍ കൂടുതല്‍ അന്താരാഷ്ട്ര മെഡിക്കല്‍ ദൗത്യങ്ങള്‍ക്ക് സഹായവുമായി ക്യൂബ എന്ന ചെറിയ രാജ്യം എത്തിയിട്ടുണ്ട്.

1960ലെ ക്യൂബന്‍ വിപ്ലവത്തിന് ശേഷമാണ് അന്താരാഷ്ട്രതലത്തില്‍ തങ്ങളുടെ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുളളവര്‍ക്ക് എത്തിക്കുന്നതില്‍ ക്യൂബ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്.

ചിലിയില്‍ അയ്യാരത്തിലധികം പേര്‍ ഭൂമി കുലുക്കത്തില്‍ കൊല്ലപ്പെട്ടപ്പോഴും, യുദ്ധം വലച്ച അള്‍ജീരിയയിലും ക്യൂബ തങ്ങളുടെ മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു. കത്രീന ദുരിതം തീര്‍ത്ത അമേരിക്കയിലും തങ്ങളുടെ ഡോക്ടര്‍മാരെ വിന്യസിക്കാന്‍ ക്യൂബ തയ്യാറായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ക്യൂബന്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമില്ലെന്നാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞത്.

ക്യൂബയിലെ പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സോവിയറ്റ് യൂണിയന്റെ സഹായത്താലാണ് ക്യൂബ എന്ന ചെറു രാജ്യം വികസിത രാഷ്ട്രങ്ങളോട് കടപിടിക്കുന്ന തരത്തില്‍ ആരോഗ്യ രംഗത്ത് പുരോഗതി കൈവരിക്കുന്നത്.

പിന്നീട് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിവന്നുവെങ്കിലും ക്യൂബ ആരോഗ്യ മേഖലയില്‍ പ്രശംസനീയമായ പുരോഗതിയാണ് കൈവരിച്ചത്. അമേരിക്ക ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആവശ്യ മരുന്നുകളുടെ ലഭ്യത ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്ത് ക്യൂബയില്‍ നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും ക്യൂബയൂടേത് മറ്റേത് രാജ്യത്തോടും മത്സരിച്ച് നില്‍ക്കാന്‍ പര്യാപ്തമായ ആരോഗ്യ മേഖല തന്നെയാണ് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ക്യൂബയുടെ ഗ്ലോബല്‍ ഹെല്‍ത്ത് ക്രൈസിസ് റെസ്പോണ്‍സ് സിസ്റ്റം അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാരുടെ സേവനം വിഭാവനം ചെയ്യുന്നതാണ്. ക്യൂബയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത് താനൊരു പൊതു സേവകനാണ് എന്ന തിരിച്ചറിവോട് കൂടെയാണെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളാണ് വിദ്യാര്‍ത്ഥികളെ ഇതിനു പ്രാപ്തമാക്കുന്നത്.

ആരോഗ്യ പരിരക്ഷ എന്നത് ലോകത്തെ ഓരോ വ്യക്തിയുടെയും അവകാശമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ക്യൂബന്‍ ആരോഗ്യ മേഖല പ്രവര്‍ത്തിക്കുന്നത്. ഇത് തന്നെയാണ് കൊറോണ ബാധിച്ച രോഗികളുമായെത്തിയ എം.എസ് ബ്രാമിയാര്‍ എന്ന ബ്രിട്ടീഷ് കപ്പലിന് കരയ്ക്കെടുക്കാന്‍ മറ്റു രാജ്യങ്ങള്‍ അനുമതി നിഷേധിച്ചപ്പോഴും ക്യൂബ അവര്‍ക്ക് അനുമതി നല്‍കിയതിന്റെ കാരണവും.

ക്യൂബയില്‍ ഇതുവരെ 28 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം പടരാതിരിക്കാന്‍ അതീവ ശ്രദ്ധയാണ് ക്യൂബ സ്വീകരിച്ചു വരുന്നത്. ആയിരക്കണക്കിന് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും കൊവിഡ് 19 സൃഷ്ടിച്ച ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ സജ്ജമായി ക്യൂബയിലുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ