| Saturday, 23rd July 2022, 4:03 pm

സ്വവര്‍ഗ വിവാഹത്തിനും മറ്റ് കുടുംബാവകാശങ്ങള്‍ക്കും വാതില്‍ തുറന്ന് ക്യൂബന്‍ അസംബ്ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: പരിഷ്‌ക്കരിച്ച പുതിയ സമഗ്രമ കുടുംബ നിയമത്തിന് അംഗീകാരം നല്‍കാന്‍ ക്യൂബന്‍ ദേശീയ അസംബ്ലി. സ്വവര്‍ഗ വിവാഹം, സ്ത്രീകളുടെ അവകാശങ്ങള്‍ വിപുലപ്പെടുത്തുക, കുട്ടികള്‍ക്കും പ്രായമായവര്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം വര്‍ധിപ്പിക്കുക എന്നിവ ഉള്‍പ്പെടെയുള്ള
ഭേദഗതികളടങ്ങുന്ന ബില്ലാണ് വെള്ളിയാഴ്ച ദേശീയ അസംബ്ലി പാസാക്കിയത്.

പുതിയ നിയമ ഭേദഗതി സ്വവര്‍ഗ വിവാഹവും സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവദിക്കുകയും ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ തുല്യമായി പങ്കിടാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതാണ്.

സ്വകാര്യസ്വത്ത് ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളും പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരടുനയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം നടന്ന കമ്മ്യൂണിറ്റി മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്ത പുതിയ ഫാമിലി കോഡ് സെപ്റ്റംബര്‍ 25ന് റഫറണ്ടം വോട്ടിന് വിധേയമാക്കും. ഇതിന് 62 ശതമാനം പേരുടെ പിന്തുണ നിലവിലുണ്ടന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീകളുടെ അവകാശങ്ങളില്‍ ക്യൂബ ഇതിനകം വലിയ മുന്നേറ്റം നടത്തിട്ടുണ്ട്. രാജ്യത്ത് ഏകദേശം 50 ശതമാനം ഉന്നതകേന്ദ്രങ്ങളിലെ തലവന്മാരും പ്രൊഫഷണലുകളില്‍ 60 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഗര്‍ഭച്ഛിദ്രത്തിന് സൗജന്യവും രണ്ട് വര്‍ഷത്തെ പ്രസവാവധിയുള്ള രാജ്യം കൂടിയാണ് ക്യൂബ.

അതേസമയം, സ്വവര്‍ഗ വിവാഹം നിയമമാക്കുന്ന ബില്‍ ജൂലായ് 19ന് യു.എസ് ഹൗസ് പാസാക്കിയിരുന്നു. 67 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 157 പേര്‍ യു.എസില്‍ എതിര്‍ത്ത് വോട്ട് ചെയ്തത്.

ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളോടൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 47 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇരുപാര്‍ട്ടികളും ഒരു വിഷയത്തില്‍ അനുകൂലിച്ച് വോട്ട് ചെയ്തത് അപൂര്‍വ സംഭവങ്ങളില്‍ ഒന്നാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ യുവ അംഗങ്ങളാണ് കൂടുതലും ബില്ലിനെ അനുകൂലിച്ചത്.

CONTENT HIGHLIGHTS:  Cuban Assembly opens door to same-sex marriage and other family rights

We use cookies to give you the best possible experience. Learn more