| Tuesday, 27th September 2022, 8:26 am

ഫാമിലി കോഡില്‍ 'ക്യൂബന്‍ വിപ്ലവം'; സ്വവര്‍ഗ വിവാഹവും വാടക ഗര്‍ഭധാരണവുമുള്‍പ്പെടെ ഇനി നിയമവിധേയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: ക്യൂബയില്‍ കുടുംബ നിയമങ്ങളിലെ ഭേദഗതിക്ക് ജനകീയ അംഗീകാരം. സ്വവര്‍ഗ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിയമവിധേയമാക്കാന്‍ ഫാമിലി കോഡില്‍ (Family Code) സര്‍ക്കാര്‍ മുന്നോട്ടുവെച്ച പരിഷ്‌കരണങ്ങള്‍ക്കാണ് ജനങ്ങള്‍ അനകൂലമായി വോട്ട് ചെയ്തത്.

ഹിത പരിശോധനയില്‍ ഫാമിലി കോഡ് മാറ്റത്തിന് അനുകൂലമായി മൂന്നില്‍ രണ്ട് വിഭാഗം ജനങ്ങളും വോട്ട് ചെയ്തു. ഇതോടെ ഈ മാറ്റങ്ങള്‍ ഔദ്യോഗികമായി നിയമ തലത്തിലും നടപ്പാക്കും.

ഹിതപരിശോധനയുടെ പ്രാഥമിക ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 60 ശതമാനത്തിലധികം പേരും ഫാമിലി കോഡ് മാറ്റങ്ങളെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. 100 പേജുള്ള പുതിയ ഫാമിലി കോഡിനാണ് ക്യൂബന്‍ ജനത അംഗീകാരം നല്‍കിയിരിക്കുന്നത്.

ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്.

ഇതുവരെ 66% വോട്ടുകള്‍ ഫാമിലി കോഡ് പരിഷ്‌കരണത്തിന് അനുകൂലമായി എണ്ണപ്പെട്ടുവെന്ന് ഇലക്ടറല്‍ കൗണ്‍സില്‍ പ്രസിഡന്റ് അലീന ബല്‍സെയ്റോ (Alina Balseiro) പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 50 ശതമാനം വോട്ടര്‍മാരുടെയെങ്കിലും അംഗീകാരം വേണമെന്നായിരുന്നു നിയമം.

സ്വവര്‍ഗ വിവാഹത്തിന് പുറമെ വാടക ഗര്‍ഭധാരണത്തിനും സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനും ഇനി മുതല്‍ നിയമാനുമതി ലഭിക്കും. ലിംഗ വിവേചനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കൂടുതല്‍ നിയമ പരിരക്ഷ നല്‍കുക എന്നീ മാറ്റങ്ങള്‍ക്കും വോട്ടെടുപ്പിലൂടെ അംഗീകാരം ലഭിച്ചു.

ഇതോടെ 1970ല്‍ നിലവില്‍ വന്ന ഫാമിലി കോഡില്‍ സമഗ്ര പരിഷ്‌കരണമായിരിക്കും ക്യൂബന്‍ സര്‍ക്കാര്‍ നടപ്പിലാക്കുക.

ഫാമിലി കോഡില്‍ മാറ്റം വരുത്തുന്നതിന്റെ ചര്‍ച്ചകള്‍ രാജ്യത്ത് ഏറെക്കാലമായി സജീവമായിരുന്നു. യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്നും വലിയ എതിര്‍പ്പായിരുന്നു ഇതിനെതിരെ ഉണ്ടായിരുന്നത്.

ഒന്നേകാല്‍ കോടി മാത്രം ജനസംഖ്യയുള്ള ക്യൂബയില്‍ 60 ശതമാനവും ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നുള്ളവരാണ്. ഫാമിലി കോഡില്‍ മാറ്റം വരുത്തുന്നതിനെതിരെ ക്രൈസ്തവ സഭകള്‍ വ്യാപകമായി പ്രചാരണവും നടത്തിയിരുന്നു.

ഹിതപരിശോധനയില്‍ പരിഷ്‌കരണങ്ങളെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്നായിരുന്നു കത്തോലിക്കാ സഭകള്‍ പ്രചരണം നടത്തിയത്. അതേസമയം ഫാമിലി കോഡ് പരിഷ്‌കരണത്തിനൊപ്പം നില്‍ക്കണമെന്ന് പ്രസിഡന്റ് മിഖ്വേല്‍ ഡയസ് കാനല്‍ (Miguel Díaz-Canel) ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

സര്‍ക്കാര്‍ തലത്തിലും ഫാമിലി കോഡിന് അനുകൂലമായി പ്രചാരണം നടന്നിരുന്നു. എല്‍.ജി.ബി.ടി.ക്യു പ്ലസ് ആക്ടിവിസ്റ്റുകള്‍ ഏറെക്കാലമായി ഉയര്‍ത്തിപ്പിടിച്ചിരുന്ന ആവശ്യമായിരുന്നു ഫാമിലി കോഡ് പരിഷ്‌കരണം.

Content Highlight: Cuba votes to legalize same-sex marriage in a national referendum to allow Family Code reforms

We use cookies to give you the best possible experience. Learn more