| Thursday, 18th August 2022, 9:50 am

1959ന് ശേഷം ആദ്യം; വിദേശ നിക്ഷേപങ്ങള്‍ക്ക് വാതില്‍ തുറന്ന് ക്യൂബ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: രാജ്യത്തെ ആഭ്യന്തര ചില്ലറ- മൊത്ത വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം സ്വാഗതം ചെയ്ത് ക്യൂബ. 60 വര്‍ഷത്തിനിടെ (1959ന് ശേഷം) ആദ്യമായാണ് ക്യൂബന്‍ സര്‍ക്കാര്‍ രാജ്യത്തേക്ക് വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്നത്.

തിങ്കളാഴ്ച രാത്രിയോടെയായിരുന്നു ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.

വിദേശ നിക്ഷേപകര്‍ക്ക് ഭാഗികമായോ പൂര്‍ണമായോ ക്യൂബയില്‍ നിക്ഷേപം നടത്താനാകുന്ന വിധമായിരിക്കും നിയമഭേദഗതി കൊണ്ടുവരിക. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിദേശികള്‍ക്ക് അവസരമൊരുക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്നതിനിടെയാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നടപടി. ആഭ്യന്തര വ്യവസായം ബൂസ്റ്റ് ചെയ്യുന്നതിനും ചരക്ക് ക്ഷാമം പരിഹരിക്കുന്നതിനും വേണ്ടി കൂടിയാണ് ഈ നടപടി.

വിദേശ കറന്‍സിയും അസംസ്‌കൃത വസ്തുക്കളും ആക്‌സസ് ചെയ്യുന്നതില്‍ നിലവില്‍ രാജ്യത്തെ കമ്പനികള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വ്യാപാര രംഗത്ത് വിദേശ നിക്ഷേപങ്ങള്‍ വരുന്നതോടെ മരുന്ന്, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയുടെ ക്ഷാമം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

”സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെ മൊത്തവ്യാപാരത്തിലും ചില്ലറ വ്യാപാരത്തിലും കൊണ്ടുവരുന്ന വിദേശ നിക്ഷേപം, ആഭ്യന്തര വ്യവസായത്തെ വീണ്ടെടുക്കുന്നതിന് സംഭാവന ചെയ്യുകയും ജനങ്ങള്‍ക്കുള്ള വിതരണം വിപുലീകരിക്കാനും വൈവിധ്യവത്കരിക്കാനും അനുവദിക്കുകയും ചെയ്യും,” ക്യൂബന്‍ സാമ്പത്തികകാര്യ മന്ത്രി അലജാന്‍ഡ്രോ ഗില്‍ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

നേരത്തെ രാജ്യത്തെ ആഭ്യന്തര മാനുഫാക്ച്വറിങ്, സര്‍വീസ് സെക്ടറുകളില്‍ മാത്രമായിരുന്നു വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്.

അതേസമയം, കടുത്ത സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ക്യൂബയില്‍ തുടര്‍ന്നും നിലനില്‍ക്കും എന്നതിനാല്‍ സര്‍ക്കാരിന്റെ പുതിയ നടപടിയെ വിദേശ നിക്ഷേപകര്‍ എത്രത്തോളം സ്വാഗതം ചെയ്യും എന്നതും സംശയമാണ്.

1960കളില്‍ ഫിഡല്‍ കാസ്‌ട്രോ ചില്ലറ വ്യാപാര രംഗം ദേശസാല്‍കരിച്ചതിന് ശേഷം വിദേശികള്‍ ഈ രംഗത്തുണ്ടായിരുന്നില്ല.

കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ക്യൂബ കടന്നുപോകുന്നത്. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് കടുത്ത ഉപരോധങ്ങളായിരുന്നു ക്യൂബക്കെതിരെ ചുമത്തിയിരുന്നത്. ഇതിന് പുറമെ കൊവിഡ് കൂടെ വന്നതോടെ സാഹചര്യങ്ങള്‍ മോശമാകുകയായിരുന്നു.

Content Highlight: Cuba to allow foreign investment in domestic wholesale and retail trade, first time in sixty years

We use cookies to give you the best possible experience. Learn more