| Sunday, 26th April 2020, 11:22 am

കൈവിടാത്ത സൗഹൃദം, ദക്ഷിണാഫ്രിക്കയിലേക്ക് കൊവിഡ് പ്രതിരോധത്തിനായി ഡോക്ടര്‍മാരെ അയച്ച് ക്യൂബ, അമേരിക്കയുടെ വാദങ്ങള്‍ക്ക് ചെവികൊടുക്കാതെ രാജ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ദക്ഷിണാഫ്രിക്കയിലേക്ക് 216 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ അയച്ച് ക്യൂബ. യൂറോപ്യന്‍ രാജ്യങ്ങളിലടക്കം മെഡിക്കല്‍ സംഘത്തെ അയച്ചതിനു പിന്നാലെയാണ് ക്യൂബയുടെ നടപടി. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കരീബിയന്‍ രാജ്യങ്ങളിലേക്കും ഇതുവരെ 1200 ആരോഗ്യ പ്രവര്‍ത്തകരെയാണ് ക്യൂബ അയച്ചത്.

ദക്ഷിണാഫ്രിക്കക്കും ക്യൂബയ്ക്കും തമ്മില്‍ ചരിത്രത്തില്‍ പ്രത്യേക സൗഹൃദമുണ്ട്. അംഗോളയില്‍ നടന്ന വര്‍ണവിവേചനത്തിനെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ പോരാട്ടത്തെ ക്യൂബ പിന്തുണയ്ക്കുകയും തങ്ങളുടെ സൈന്യത്തെ അയക്കുകയും ചെയ്തിരുന്നു. 1990 ല്‍ നെല്‍സണ്‍ മണ്ടേല ജയില്‍ മോചിതനായ ശേഷം ഇദ്ദേഹം ഫിദല്‍ കാസ്‌ട്രോയോട് നിരവധി തവണ നന്ദി പറയുകയുമുണ്ടായി.

നേരത്തെ കൊവിഡ് പ്രതിരോധത്തിനായി ദക്ഷിണാഫ്രിക്ക മെഡിക്കല്‍ സാമഗ്രികള്‍ ക്യൂബയിലേക്ക് കയറ്റി അയച്ചിരുന്നു. ഇപ്പോള്‍ അതേ പോലെ ക്യൂബയുടെ മെഡിക്കല്‍ സംഘം ദക്ഷിണാഫ്രിക്കയിലെത്തുന്നു എന്നാണ് ക്യൂബയിലെ ദക്ഷിണാഫ്രിക്കയുടെ അംബാസിഡര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഇതിനിടയില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നെന്നാരോപിച്ച് അമേരിക്ക മറ്റു രാജ്യങ്ങളോട് ക്യൂബയുടെ സഹായം സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിക്ക രാജ്യങ്ങളും ഈ വാദത്തിന് ചെവി കൊടുക്കാതിരിക്കുകയും ക്യൂബയുടെ സഹായത്തെ സ്വീകരിക്കുകയുമായിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ പല സമയത്തായി ക്യൂബ ദരിദ്ര രാജ്യങ്ങള്‍ക്ക് പകര്‍ച്ച വ്യാധികളും മഹാമാരികളും വരുന്ന ഘട്ടത്തില്‍ സഹായമെത്തിച്ചിട്ടുണ്ട്. കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കോളറ പടര്‍ന്ന ഘട്ടത്തില്‍ പ്രതിരോധത്തിന് മുന്‍നിരയില്‍ ക്യൂബയിലെ ഡോക്ടര്‍മാരുമുണ്ടായിരുന്നു. ഒപ്പം 2010 ല്‍ വെസ്റ്റ് ആഫ്രിക്കയില്‍ എബോള പടര്‍ന്ന ഘട്ടത്തിലും ക്യൂബന്‍ മെഡിക്കല്‍ രംഗം സഹായത്തിനെത്തി.

ക്യൂബയില്‍ നിലവില്‍ 1337 കൊവിഡ് കേസുകളും 51 മരണങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 4361 കൊവിഡ് കേസുകളും 86 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more