ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ യുനെസ്‌കോ സമ്മേളനത്തില്‍ ഇസ്രഈലി പ്രതിനിധിയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വീഡിയോ ശ്രദ്ധ നേടുന്നു. നാസി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ജൂതന്മാര്‍ക്ക് വേണ്ടി മൗനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത ഇസ്രഈല്‍ പ്രതിനിധിയെ ക്യൂബയുടെ പ്രതിനിധി ചോദ്യം ചെയ്യുന്നതാണ് വീഡിയോ.
2017ലെ സംഭവത്തിന്റെ വീഡിയോ ആണ് ഈയടുത്ത് ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജൂതര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് പറഞ്ഞ്, കൊല്ലപ്പെട്ട ജൂതര്‍ക്ക് വേണ്ടി മൗനമാചരിക്കാന്‍ യുനെസ്‌കോയിലെ ഇസ്രഈല്‍ അംബാസഡര്‍ കര്‍മെല്‍ ഷമ-ഹകോഹെന്‍ പറയുന്നതായാണ് വീഡിയോയിലുള്ളത്.
‘ഒരു ജൂത രാജ്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍, കൊല്ലപ്പെട്ട 60 ലക്ഷം ജൂതര്‍ക്ക് വേണ്ടി, നാസി മൃഗങ്ങളാല്‍ കൊല്ലപ്പെടുകയോ അവര്‍ക്കെതിരെ പോരാടി മരിക്കുകയോ ചെയ്തവര്‍ക്ക് വേണ്ടി ഒരു മിനിറ്റ് എഴുന്നേറ്റുനിന്നു മൗനം ആചരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്,’ എന്നാണ് ഇസ്രഈല്‍ പ്രതിനിധി പറഞ്ഞത്.
ഇതേത്തുടര്‍ന്ന് കുറെയേറെ അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് മൗനമാചരിക്കുന്നുമുണ്ട്. ഇതിനുപിന്നാലെ ഇസ്രഈലി രാഷ്ട്രീയത്തെയും ഫലസ്തീന് മേല്‍ അക്രമത്തിലൂടെ ഇസ്രഈല്‍ ആധിപത്യം ചെലുത്തുന്നതിനെയും ക്യൂബന്‍ പ്രതിനിധി ചൂണ്ടിക്കാണിക്കുന്നതാണ് വീഡിയോ വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണമായത്.
ഐക്യരാഷ്ട്രസഭയില്‍ ഇസ്രഈല്‍ പ്രതിനിധി കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് തെറ്റായി സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ക്യൂബന്‍ പ്രതിനിധിയുടെ മറുപടി.
‘ഇസ്രഈല്‍ പ്രതിനിധി ഇപ്പോള്‍ പറഞ്ഞത് തെറ്റായ ഒരു തീരുമാനവും വ്യാഖ്യാനവുമാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ കമ്മിറ്റിയില്‍ ഇപ്പോള്‍ ചെയ്ത കാര്യം തീരുമാനം തെറ്റായി സ്വാധീനിക്കപ്പെട്ടു എന്നാണ് കാണിക്കുന്നത്. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സര്‍ക്കസ് ആയി ഈ ചര്‍ച്ചയെ അത് മാറ്റും.
അധ്യക്ഷന് മാത്രമേ മൗനമാചരിക്കാനുള്ള തീരുമാനമെടുക്കാനുള്ള അവകാശമുള്ളൂ. ഇസ്രഈല്‍ പ്രതിനിധിക്കില്ല. അതുകൊണ്ട് ചെയര്‍മാന്റെ സമ്മതത്തോടുകൂടി, പ്രദേശത്ത് കൊല്ലപ്പെട്ടിട്ടുള്ള എല്ലാ ഫലസ്തീനി പൗരന്മാര്‍ക്കും വേണ്ടി മൗനമാചരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്,’ എന്നായിരുന്നു ക്യൂബന്‍ പ്രതിനിധി പറഞ്ഞത്.
ഇതേതുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്ത അംഗങ്ങളെല്ലാം എഴുന്നേറ്റുനിന്ന് കൊല്ലപ്പെട്ട ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് വേണ്ടി മൗനം ആചരിക്കുന്നുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങള്‍ ആരും ഇസ്രഈലിന്റെ നീക്കത്തെ എതിര്‍ത്ത് സംസാരിക്കാതിരുന്ന ഘട്ടത്തിലാണ് 0.1% മാത്രം മുസ്‌ലിങ്ങള്‍ അധിവസിക്കുന്ന കരീബിയന്‍ രാജ്യമായ ക്യൂബ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ഫലസ്തീനെ പിന്തുണച്ച് രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.