| Tuesday, 3rd April 2012, 1:28 am

മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ഫലം കണ്ടു; ക്യൂബയില്‍ ദു:ഖവെള്ളി പൊതു അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: കൃസ്ത്യാനികളുടെ ആത്മീയാചാര്യനായ പോപ്പ് ബനഡിക്ട് പതിനാറാമന്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ അത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ സന്ദര്‍ശനത്തിന്റെ അനന്തര ഫലങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഈ വര്‍ഷത്തെ ദു:ഖവെള്ളി രാജ്യത്ത് പൊതു അവധിയായി ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ പ്രഖ്യാപിച്ചിരിക്കയാണ്.

ക്യൂബ സന്ദര്‍ശിച്ച മാര്‍പ്പാപ്പ ദു:ഖവെള്ളി പൊതു അവധിയാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ അവധി സംബന്ധിച്ച തീരുമാനം എടുത്തതായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാന്മ റിപ്പോര്‍ട്ടു ചെയ്തു.

ബുധനാഴ്ച വിപ്ലവ ചത്വരത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തപ്പോഴാണ് യേശുക്രിസ്തു ക്രൂശിക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ദു:ഖ വെള്ളിയാഴ്ച ക്യൂബയില്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചത്. 1990മുതല്‍ ക്യൂബ ഔദ്യോഗികമായി നിരീശ്വരവാദരാജ്യമാണ്. എന്നാല്‍ ഇത് സ്ഥിരം അവധിയാക്കണമോയെന്ന കാര്യം പാര്‍ട്ടി ദേശീയ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്.

തീരുമാനത്തെ സ്വാഗതം ചെയ്ത വത്തിക്കാന്‍ വക്താവ് ഫെഡറികോ ലോപാര്‍ഡ് ഇതൊരു നല്ല സൂചനയാണെന്നും അഭിപ്രായപ്പെട്ടു. ” ഇത് സ്വാഗതാര്‍ഹമാണ്. ക്യൂബയിലെ വിശ്വാസികള്‍ക്ക് കൂടുതല്‍ നന്നായി ആരാധനാ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ അവധി സഹായിക്കും. ഇത് നല്ലൊരു സന്ദേശമാണ്”- അദ്ദേഹം വ്യക്തമാക്കി.

ക്യുബന്‍ വിപ്ലവത്തിന്റെ നായകനായ ഫിഡല്‍ കാസ്‌ട്രോ 1959 ല്‍ മതങ്ങളുമായി ബന്ധപ്പെട്ട എല്ലാ അവധിദിനങ്ങളും റദ്ദാക്കിയിരുന്നു. എന്നാല്‍ 1998 ല്‍ ക്യൂബയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന മാനിച്ച് ഫിഡല്‍ കാസ്‌ട്രോ ക്രിസ്മസ് ആലോഷത്തിന് അനുമതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ അനുജനാണ് ഇപ്പോള്‍ പുതിയ മാര്‍പാപ്പയുടെ ആഗ്രഹം മാനിച്ച് ദുഃഖവെള്ളി ആചരണത്തിന് അനുമതി നല്‍കിയത്.

We use cookies to give you the best possible experience. Learn more