| Wednesday, 28th April 2021, 12:10 pm

ലോകാരോഗ്യ സംഘടനയുടേയും ബഹുരാഷ്ട്ര മരുന്നുനിര്‍മാണക്കമ്പനികളുടേയും സഹകരണമില്ല; ക്യൂബ വികസിപ്പിക്കുന്നത് അഞ്ച് വാക്‌സിനുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: കൊവിഡ് പ്രതിരോധങ്ങള്‍ക്കായി വിവിധ രാജ്യങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ അയച്ച ക്യൂബയില്‍ വികസിപ്പിക്കുന്നത് അഞ്ച് വാക്‌സിനുകള്‍. ഇവയില്‍ രണ്ടെണ്ണം മൂന്ന് പരീക്ഷണങ്ങള്‍ക്ക് ശേഷം മനുഷ്യരില്‍ കുത്തിവെക്കാന്‍ ഒരുങ്ങുകയാണ്.

അബ്ഡല, സോബറാന 2, സോബറാന 1, സോബറാന പ്ലസ്, മംബീസ എന്നിങ്ങനെയാണ് ക്യൂബയില്‍ വികസിപ്പിക്കുന്ന വാക്‌സിനുകള്‍. ഇതില്‍ സോബറാന 2 കൊവിഡിനെതിരെ മികച്ച ഫലം നല്‍കുമെന്നാണ് പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

അന്തിമപരീക്ഷണം മാത്രമാണ് സോബറാന 2 വിന് ഇനിയുള്ളത്. ഇത് കൂടി വിജയമായാല്‍ സ്വന്തമായി കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ഏക ലാറ്റിനമേരിക്കന്‍ രാജ്യമാകും ക്യൂബ.

കൊവിഡ് ഒന്നാം തരംഗത്തില്‍ മോശമായി ബാധിച്ച സമ്പദ് വ്യവസ്ഥയെ വാക്‌സിനേഷന്‍ ത്വരിതമാക്കുന്നതോടെ പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് രാജ്യം.

ക്യൂബയില്‍ നിന്ന് വാക്‌സിന്‍ വാങ്ങിക്കാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അമേരിക്കയടക്കമുള്ള പശ്ചാത്യരാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ കഴിവില്ലാത്ത ദരിദ്രരാജ്യങ്ങള്‍ ക്യൂബയെ വാക്‌സിനായി സമീപിച്ചിട്ടുണ്ട്.

100 മില്യണ്‍ ഡോസിന്റെ വാക്‌സിന്‍ വാര്‍ഷിക കരാറുകള്‍ ക്യൂബയുമായി നടത്താന്‍ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. മെക്‌സിക്കോയും അര്‍ജന്റീനയും ക്യൂബന്‍ വാക്‌സിനായി താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വാക്‌സിന്‍ പങ്കിടല്‍ പദ്ധതിയായ ‘കോവാക്‌സി’ല്‍ ഇല്ലാതെയാണ് ക്യൂബ അഞ്ച് വാക്‌സിനുകള്‍ വികസിപ്പിക്കുന്നത്. ബഹുരാഷ്ട്ര മരുന്നുനിര്‍മാണക്കമ്പനികളുമായും ക്യൂബയ്ക്ക് കരാറില്ല.

ആരോഗ്യമേഖലയില്‍ എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള രാജ്യമാണ് ക്യൂബ. ചികിത്സയ്ക്കുള്ള അവശ്യസാമഗ്രികളുടെ പോലും ഇറക്കുമതിക്കു കടിഞ്ഞാണിട്ടുകൊണ്ട് ആറു പതിറ്റാണ്ടു നീണ്ട അമേരിക്കന്‍ ഉപരോധങ്ങള്‍ക്കിടയിലാണ് ക്യൂബ അതിജീവിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cuba is developing five homegrown Covid-19 vaccines

We use cookies to give you the best possible experience. Learn more