| Tuesday, 20th April 2021, 8:49 am

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പുതിയ തലവന്‍; ജനറല്‍ സെക്രട്ടറിയായി മിഗുവേല്‍ മാരിയോ ഡയസ് കാനലിനെ തെരഞ്ഞെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യൂബയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മിഗുവേല്‍ മാരിയോ ഡയസ് കാനലിനെ തെരഞ്ഞെടുത്തു. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാമത് സമ്മേളനത്തില്‍ വെച്ചാണ് കാനലിനെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ കാനല്‍ 1994 മുതല്‍ 2003 വരെ വില്ലാ ക്ലാര പ്രൊവിന്‍സിലെ കമ്മ്യൂണിറ്റി നേതാവായും പ്രവര്‍ത്തിച്ചിരുന്നു.

പിന്നീട് 14 അംഗ ക്യൂബന്‍ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2009 മുതല്‍ 2012 വരെ ക്യൂബന്‍ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 17നാണ് മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് റൗള്‍ രാജി പ്രഖ്യാപനം നടത്തിയത്.

അനാരോഗ്യത്തെ തുടര്‍ന്നാണ് റൗള്‍ രാജി വെച്ചത്. 2008ല്‍ ഫിദല്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞ അവസരത്തിലാണ് റൗള്‍ കാസ്ട്രോ നേതൃസ്ഥാനം ഏറ്റെടുത്തത്.

ഏപ്രില്‍ 16നാണ് താന്‍ രാജിവെക്കുകയാണെന്ന് റൗള്‍ കാസ്‌ട്രോ അറിയിച്ചത്. ക്യൂബയുടെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ 6 പതിറ്റാണ്ടുകള്‍ നീണ്ട കാസ്ട്രോ കുടുംബത്തിലെ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.

1959 മുതല്‍ 2006 വരെ ഫിദല്‍ കാസ്ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Cuba Has Elected New General Secretary For Communist Party Of Cuba

We use cookies to give you the best possible experience. Learn more