യു.എസ് ഉപരോധം: വെനിസ്വേലയ്ക്ക് ഉപാധിരഹിത പിന്തുണ അറിയിച്ച് ക്യൂബ
Daily News
യു.എസ് ഉപരോധം: വെനിസ്വേലയ്ക്ക് ഉപാധിരഹിത പിന്തുണ അറിയിച്ച് ക്യൂബ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th March 2015, 8:02 am

maduro വാഷിങ്ടണ്‍: വെനിസ്വേലയ്ക്ക് ഉപാധിരഹിത പിന്തുണയുമായി ക്യൂബ. വെനിസ്വേല അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയാണ് വെനിസ്വേലയ്ക്ക് പിന്തുണയറിയിച്ച് ക്യൂബ രംഗത്തുവന്നിരിക്കുന്നത്.

ഏഴ് ഉന്നത വെനിസ്വലേന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും അമേരിക്ക തീരുമാനിച്ചിരുന്നു. എന്നാല്‍ വെനിസ്വേലയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചുള്ള ഒബാമയുടെ ഉത്തരവ് സ്വേച്ഛാധിപത്യപരവും അക്രമസ്വഭാവമുള്ളതുമാണെന്നാണ് ക്യൂബന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.

”  ബോളിവേറിയന്‍ റവല്യൂഷനും, പ്രസിഡന്റ് നിക്കോളാസ് മഡുറോ സര്‍ക്കാറിനും വെനിസ്വേലയിലെ വീരസഹോദരര്‍ക്കും ഉപാധിരഹിത പിന്തുണ ക്യൂബ അറിയിക്കുകയാണ്.” റിപ്പോര്‍ട്ടില്‍ പറയുന്നു.

നയതന്ത്ര ബന്ധം പൂര്‍ണമായും പുനസ്ഥാപിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ഡിസംബറില്‍ ആരംഭിച്ചശേഷം ഇതാദ്യമായാണ് യു.എസിനെതിരെ ക്യൂബ രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ, യു.എസ് ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ വെനിസ്വേലന്‍ പ്രസിഡന്റ് വാഷിങ്ടണിലുള്ള അവരുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചു. യു.എസ് നടപടി അനീതിയും അക്രമസ്വഭാവമുള്ളതും വെനിസ്വേലയ്ക്ക് കനത്ത ആഘാതവുാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സര്‍ക്കാറിനെ നിലംപരിശാക്കാനുള്ള അമേരിക്കയുടെ ഗൂഢതന്ത്രമാണ് ഇതിന് പിന്നില്‍. സര്‍ക്കാറിനെ പരാജയപ്പെടുത്തി വെനിസ്വേലയില്‍ ഇടപെടാനുള്ള സാഹചര്യത്തിനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ദേശീയ ടെലിവിഷനില്‍ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് വെനിസ്വേലയ്‌ക്കെതിരെയുള്ള യു.എസ് പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്. വെനിസ്വേലയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ആ രാജ്യവുമായി വ്യാപാര ബന്ധം നടത്താന്‍ തടസ്സമാകില്ലെന്നും വെനിസ്വേലയിലെ ജനങ്ങളെ ഉപരോധ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഒബാമ അറിയിച്ചിട്ടുണ്ട്.

വെനിസ്വേലയിലെ ഉദ്യോഗസ്ഥര്‍ മുമ്പും ഇപ്പോഴും അവിടുത്തെ പൗരന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുണ്ട്. അതുപോലെ പൊതു അഴിമതിയിലും ഇവര്‍ പങ്കാളികളാകുന്നു. അത്തരം നടപടികള്‍ സ്വീകാര്യമല്ല. അതുകൊണ്ട് അവരുടെ സമ്പാദ്യം മരവിപ്പിക്കാന്‍ യു.എസ് തീരുമാനിച്ചിരിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു.