| Saturday, 23rd May 2020, 4:44 pm

കൊവിഡ് പ്രതിരോധത്തില്‍ ക്യൂബന്‍ വിപ്ലവം; പ്രതിരോധമരുന്ന് ഫലം കാണുന്നു, ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനം പേരും രോഗമുക്തരായെന്ന് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: കൊവിഡ് 19 പ്രതിരോധത്തില്‍ സുപ്രധാന ചുവടുവെച്ച് ക്യൂബ. ക്യൂബ വികസിപ്പിച്ചെടുത്ത രണ്ട് മരുന്നുകളുടെ ഉപയോഗം മൂലം ഒരാഴ്ച്ചയായി രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

200 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. എന്നിട്ടും കഴിഞ്ഞ ആഴ്ചയില്‍ ഒരു മരണം പോലും ക്യൂബയില്‍ ഉണ്ടായില്ല. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനംപേരും സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ അറിയിച്ചു.

ഒന്‍പത് ദിവസത്തെ കണക്കെടുത്താല്‍ രണ്ടു പേര്‍ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. ഏപ്രില്‍ മുതല്‍ ഉപയോഗിച്ചു വരുന്ന രണ്ട് മരുന്നാണ് കൊവിഡിനെ പ്രതിരോധിക്കാനും നിയന്ത്രണത്തിലാക്കാനും സഹായിച്ചതെന്നാണ് ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

ഇറ്റോലി സുമാബ് എന്ന മരുന്നും, വാതരോഗത്തിന് ഉപയോഗിക്കാന്‍ പരീക്ഷണത്തിലിരിക്കുന്ന മരുന്നുമാണ് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ക്യൂബയെ സഹായിച്ചത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മരുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.

ഏപ്രില്‍ മധ്യത്തില്‍ ദിവസവും 50-60 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന സ്ഥാനത്ത് നിന്നും 20 ല്‍ താഴേക്ക് ചുരുക്കാന്‍ ക്യൂബയ്ക്ക് കഴിഞ്ഞു. മാത്രവുമല്ല ജനങ്ങളില്‍ പരിശോധന നടത്തുന്നതിലും മറ്റുരാജ്യങ്ങളെക്കാള്‍ ക്യൂബ ബഹുദൂരം മുന്‍പിലാണ്.

കൃത്യമായ നിരീക്ഷണവും കാര്യക്ഷമമായ ആരോഗ്യ സംവിധാനവുമാണ് കൊവിഡിനെതിരായ പോരാട്ടത്തില്‍ ക്യൂബയെ തുണച്ചതെന്നും പ്രസിഡന്റ് മിഗ്വേല്‍ ഡിയസ് കാനല്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് പരിശോധനയില്‍ ക്യൂബ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. രോഗവ്യാപനം തടയുന്നതിനും ക്യൂബ വിജയിച്ചിട്ടുണ്ട്. 11 മില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് 1916 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 200 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 81 പേരാണ് മരിച്ചത്.

മുന്‍പ്, വിവിധ രാജ്യങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ കയറ്റി അയച്ചും കടലില്‍ ഒറ്റപ്പെട്ട് പോയവര്‍ക്ക് അഭയം നല്‍കിയും ക്യൂബ മാതൃകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more