ഗസ: 1947 ലെ ഫലസ്തീന്‍-ഇസ്രഈല്‍ വിഭജനം മുതല്‍ ഫലസ്തീന് നല്‍കുന്ന എല്ലാ പിന്തുണയും തുടര്‍ന്ന് ക്യൂബ. വൈദ്യസഹായം, വിദ്യാഭ്യസം, തുടങ്ങി എല്ലാ മേഖലയിലും ക്യൂബയുടെ പിന്തുണ ഫലസ്തീനിനുണ്ട്. ക്യൂബയും ഫലസ്തീനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ടി.ആര്‍.ടി വേള്‍ഡില്‍ റാമോന വാഡി എഴുതിയ ലേഖനത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു.
ഏഴുപതിറ്റാണ്ടായി തുടരുന്ന കടുത്ത അമേരിക്കന്‍ ഉപരോധത്തിനിടയിലും ഫലസ്തീനെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുകയാണ് ക്യൂബ.
25 വര്‍ഷങ്ങമായി പോളിയോ വിമുക്തമായ ഗസയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് അടുത്തിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബറില്‍ ആരംഭിച്ച സംഘര്‍ഷത്തെ തുടര്‍ന്ന് ഫലസ്തീനില്‍ പോളിയോ വാക്‌സിനേഷന്‍ തുടരാന്‍ കഴിഞ്ഞിരുന്നില്ല. സംഘര്‍ഷത്തിനിടയില്‍ പോളിയോ വാക്‌സിനേഷന്‍ കൃത്യമായി നടക്കാത്തതും ആരോഗ്യപരിപാലനത്തിലുണ്ടാവുന്ന അപാകതകളും ഫലസ്തീനില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്ന് ലോകരാജ്യങ്ങളിലെ ആരോഗ്യവിദഗ്ദരും പറഞ്ഞിരുന്നു.
എന്നാല്‍ സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ ഗസയില്‍ ഇത്തരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യങ്ങള്‍ ആദ്യഘട്ടത്തില്‍ ചൂണ്ടിക്കാട്ടിയ രാജ്യം ക്യൂബയായിരുന്നു. ഇത് സംബന്ധിച്ച് ജൂലൈയില്‍ ക്യൂബന്‍ മന്ത്രി ബ്രൂണോ റോഡ്രിഗസ് പ്രസ്താവന നടത്തിയിരുന്നു. ‘ഫലസ്തീനിലെ ജനങ്ങള്‍ക്കെതിരായ ഇസ്രഈല്‍ വംശഹത്യയാണ് പടര്‍ന്നുകൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധിക്ക് കാരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഇസ്രഈലിന്റെ അക്രമങ്ങള്‍ക്കും വംശഹത്യക്കുമെതിരായി ഫലസ്തിനിനെ പിന്തുണക്കുന്ന ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ ഒന്നാണ് ക്യൂബ. 1947ലെ ഐക്യരാഷ്ട്ര സഭാ തീരുമാനപ്രകാരം ഇസ്രഈലും ഫലസ്തീനും വിഭജിച്ചത് മുതല്‍ ക്യൂബ രാഷ്ട്രീയമായും മാനുഷികമായും ഫലസ്തീനിന്റെ ചരിത്രപരമായ സഖ്യകക്ഷിയാണ്. ഇസ്രഈല്‍-ഫലസ്തീന്‍ വിഭജനത്തിനെതിരെ അന്ന് വോട്ട് ചെയ്ത ഒരേയൊരു ലാറ്റിനമേരിക്കന്‍ രാജ്യമായിരുന്നു ക്യൂബ.
1959 കാലഘട്ടങ്ങളില്‍ ഏണസ്‌റ്റോ ചെഗുവേര ഗസ സന്ദര്‍ശിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. കൂടാതെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പര്യടനം നടത്തുകയും കൊളോണിയല്‍ വിരുദ്ധ ചെറുത്ത് നില്‍പ്പുകള്‍ക്കായുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചയില്‍ ചെ പ്രധാനമായും ചോദിച്ചത് ഫലസ്തീന് എതിരാളികളെ ചെറുത്തുനില്‍ക്കാനുള്ള സൗകര്യങ്ങളെ കുറിച്ചായിരുന്നു.
‘പരിശീലന ക്യാമ്പുകളും ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറികളുംഎവിടെ’ എന്നായിരുന്നു ചെയുടെ ചോദ്യം. എന്തുകൊണ്ടും ഫലസ്തീന് പിന്തുണ ലഭിക്കേണ്ടതും അത്യാവശ്യവുമായ കാര്യങ്ങളായിരുന്നു ഇവയെല്ലാം.
ഇതിന് പിന്നാലെയാണ് ഫലസ്തീനികള്‍ക്ക് ചെറുത്തുനില്‍ക്കാനുള്ള ഗറില്ലാ പരിശീലനം ചെഗുവേര വാഗ്ദാനം ചെയ്തത്. പുറമേ ഫലസ്തീനികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിനും ക്യൂബ സംരക്ഷണം ഉറപ്പുനല്‍കി.
മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുടെ 1979ലെ ഫലസ്തീന്‍ ജനതയുടെ ദുരവസ്ഥയ്‌ക്കെതിരെയുള്ള പ്രസ്താവനയും ശ്രദ്ധേയമാണ്. ‘കോളനിവത്ക്കരണം അനുഭവിച്ച രാഷ്ട്രങ്ങളെ ഫലസ്തീനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവര്‍ നേരിടുന്ന ദുരവസ്ഥ മറ്റൊരുരാജ്യവും അനുഭവിക്കുന്നതായി തന്റെയറിവിലില്ല,’ ഫിദല്‍ കാസ്‌ട്രോ പറഞ്ഞു. ഇതിനെല്ലാം ഫലസ്തീന്‍ അനുഭവിക്കുന്ന സയണിസവും വംശഹത്യയും കാരണമാണെന്ന് കാസ്‌ട്രോ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബ ഫലസ്തീനികള്‍ക്ക് സാമൂഹിക പരിചരണവും വാഗ്ദാനം ചെയ്തിരുന്നു.
സമാനമായി ക്യൂബയുടെ ആരോഗ്യരംഗത്തെ നയിച്ചിരുന്നത് പോലെ ചെഗുവേര ഫലസ്തീനിന്റെ ആരോഗ്യരംഗത്തെയും പിന്തുണച്ചിരുന്നു. സുസ്ഥിരമായ മാനുഷിക ഉദ്യമമായി പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ സംവിധാനം സൃഷ്ടിക്കുകയെന്നതായിരുന്നു ചെഗുവേര ലക്ഷ്യമിട്ടിരുന്നത്.
ഫിദല്‍കാസ്‌ട്രോയുടെയും ചെഗുവേരയുടെയും ലക്ഷ്യങ്ങള്‍ സാധ്യമായതായും ഫലസ്തീനിലെയും ക്യൂബയിലെയും ജനങ്ങള്‍ക്ക് ഒരുപോലെ ഉപകാരപ്രദമായതായും ടി.ആര്‍.ടി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
1999ല്‍ അന്താരാഷ്ട്ര തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മെഡിസിന്‍ പഠിക്കാന്‍ അവസരം ലഭിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ സ്‌കൂള്‍ ഓഫ് മെഡിസിന് അന്താരാഷ്ട്ര അംഗികാരം ലഭിക്കുന്നത്. ഇതോടെ ഫിദലിന്റെ ലക്ഷ്യവും ചെയുടെ കാഴ്ചപ്പാടും യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
ഫലസ്തീനിലെ ജനങ്ങള്‍ക്കും ക്യൂബയിലെ ജനങ്ങള്‍ക്കും മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് നല്‍കാനും ക്യൂബ ശ്രമിച്ചിരുന്നു. ഫലസ്തീനിലെ 1500 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയായിരുന്നു അതിന് തുടക്കം. അവരില്‍ പലരും ഇന്ന് എം.ബി.ബി.എസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫലസ്തീന്‍ വംശജരായ ഡോക്ടര്‍മാര്‍ക്ക് ക്യൂബ പരിശീലനം നല്‍കിയിരുന്നു. ഈ സമ്പ്രദായം ഇന്നും തുടരുന്നുണ്ട്. ഈ അടിസ്ഥാനത്തില്‍ ഇന്ന് ക്യൂബയിലെ 144 മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ 53 പേരും ഗസയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ഗസയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിക്കുന്ന യുദ്ധത്തിനിടയിലും ഹവാനില്‍ ഒരുകൂട്ടം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ പുനഃനിര്‍മിക്കാനായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഡോക്ടര്‍ മുഹമ്മദ് അബു സ്രോറിനെ പോലെ നിരവധി പേര്‍ ഇത്തരത്തില്‍ ക്യൂബയുടെ സഹായത്താല്‍ ഉയര്‍ന്നുവന്നവരാണ്. പ്രൊജക്ട് ക്യൂബ സ്ഥാപിച്ച അബു സ്രോറിന്‍ ഐഡ അഭയാര്‍ത്ഥി ക്യാമ്പിലെ നൂറുകണക്കിന്‍ രോഗികളെ സൗജന്യമായി ചികിത്സിച്ചിരുന്നു.
നിലവില്‍ ഫലസ്തീനില്‍ നിന്നുള്ള 53 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ക്യൂബയില്‍ പഠിക്കുന്നുണ്ട്. ഇവരില്‍ ചിലരെ കഴിഞ്ഞ വര്‍ഷം ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനല്‍ നേരിട്ട് കാണുകയും ഇസ്രഈല്‍ ഫലസ്തീനിനുമേല്‍ നടത്തുന്ന വംശഹത്യയില്‍ അമേരിക്കയ്ക്കുള്ള പങ്ക് ചൂണ്ടിക്കാണിച്ചിരുന്നു. ഇവരെ പോലുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലാണ് ഫലസ്തീനിന്റെ ഭാവിയെന്നും കാനല്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നടക്കുന്ന ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ കഴിഞ്ഞ മണിക്കൂറുകളിലെ കണക്കുപ്രകാരം സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടക്കം 41,118ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Content Highlight: cuba continues to support and aid palastine despite the US embargo of the 1970s