വാഷിങ്ടണ്‍: അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എച്ച്.ഐ.വി പടരുന്നത് തടയാന്‍ സാധിച്ച ലോകത്തിലെ ആദ്യ രാജ്യമായി ക്യൂബ മാറിയെന്ന് ലോകാരോഗ്യ സംഘടന.
“ഈ വൈറസ് ബാധ പകരുന്നത് തടയുകയെന്നത് പൊതുജനാരോഗ്യത്തിനു ഏറ്റവും മികച്ച നേട്ടമാണ്.” ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു.
എച്ച്.ഐ.വിയക്കും മറ്റ് ലൈംഗിക രോഗങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു വിജയമാണിത്. എയ്ഡ്‌സ് ഇല്ലാത്ത തലമുറയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന കാല്‍വെപ്പാണിതെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
ആരോഗ്യമേഖലയ്ക്കു നല്‍കുന്ന പ്രധാന്യവും മികച്ച പരിശോധനാ സൗകര്യവും ഗര്‍ഭിണികള്‍ക്കു നല്‍കിയ പ്രത്യേക ശ്രദ്ധയുമൊക്കെയാണ് ഈ വിജയത്തിനു പിന്നില്‍. 100,000കുട്ടികളില്‍ ജനിക്കുമ്പോള്‍ ക്യൂബയില്‍ വെറും 50 കേസുകളില്‍ മാത്രമാണ് അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എച്ച്.ഐ.വി പകരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എച്ച്.ഐ.വി പടരുന്നത് ചെറുതായെങ്കിലും നിലനില്‍ക്കുന്നുണ്ട്. കാരണം എച്ച്.ഐ.വി കുഞ്ഞിനു ബാധിക്കുന്നതു തടയുന്നതിനുള്ള ചികിത്സ 100% ഫലം ഉറപ്പുനല്‍കുന്നത്.
അതേസമയം, രോഗം പകരുന്നതിന്റെ നിരക്ക് വളരെയധികം കുറയ്ക്കുകയും ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാവാത്ത വിധം നിലനിര്‍ത്തുകയും ചെയ്യുകയെന്നത് മികച്ച നേട്ടമാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. നാഴികക്കല്ല് എന്നാണ് ക്യൂബയുടെ ഈ നേട്ടത്തെ ലോകാരോഗ്യ സംഘടനയും പാന്‍ അമേരിക്കന്‍ ആരോഗ്യസംഘടനയും വിശേഷിപ്പിച്ചത്.
2010 മുതല്‍ ക്യൂബയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എച്ച്.ഐ.വിയും സിഫിലിസിസും കണ്ടെത്തുന്നതിന് ഗര്‍ഭകാലയളവിന്റെ തുടക്കത്തില്‍ തന്നെ ഗര്‍ഭിണിയെയും അവരുടെ പങ്കാളികളെയും പരിശോധനയ്ക്കു വിധേയരാക്കുന്നു.
എച്ച്.ഐ.വി ബാധിതരായ സ്ത്രീകള്‍ക്ക് സിസേറിയനിലൂടെയും പ്രസവവും മുലയൂട്ടുന്നത് വിലക്കുന്നതുമാണ് പ്രധാന ചികിത്സയെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറയുന്നു.
ഓരോ വര്‍ഷവും 1.4 മില്യണ്‍ എച്ച്.ഐ.വി ബാധിതരായ സ്ത്രീകള്‍ ഗര്‍ഭിണിയാവുന്നുണ്ടെന്നാണ് കണക്ക്. മതിയായ ചികിത്സയുടെ അഭാവം കാരണം 15% മുതല്‍ 45% കുട്ടികള്‍ക്ക് അമ്മയില്‍ നിന്നും രോഗബാധയുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് 1% ആക്കി കുറയ്ക്കാന്‍ ക്യൂബയ്ക്കു സാധിച്ചിരിക്കുകയാണ്.