ചെന്നൈ: അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയ നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെ (ദേശീയ മുറുപോക്കു ദ്രാവിഡ കഴകം) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ധാരണയായി. സംസ്ഥാനത്തെ 39 പാര്‍ലമെന്ററി സീറ്റുകളില്‍ നാലെണ്ണത്തിലാണ് ഡി.എം.ഡി.കെ മല്‍സരിക്കുക.
ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വത്തിന്റെ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡി.എം.ഡി.കെയ്ക്ക് നാലു സീറ്റുകള്‍ നല്‍കാന്‍ തീരുമാനമായത്. സീറ്റ് സംബന്ധമായ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍, ആഴ്ചകളോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡി.എം.ഡി.കെ അണ്ണാ ഡി.എം.കെ സഖ്യത്തില്‍ ധാരണയായത്.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍ സെല്‍വം, വിജയകാന്ത്, വിജയകാന്തിന്‍റെ ഭാര്യയും ഡി.എം.ഡി.കെ ട്രഷററുമായ പ്രേമലത എന്നിവരാണ് സഖ്യ ചര്‍ച്ചയില്‍ പങ്കെടുത്തത്. അണ്ണാ ഡി.എം.കെ നേരത്തെ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നിരുന്നു.
ഏഴ് ലോക്‌സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റുമായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. നാല് സീറ്റുകള്‍ വിട്ടുകൊടുക്കാനാണ് അണ്ണാ ഡി.എം.കെ തയ്യാറായത്. കൂടുതല്‍ സാധ്യതകള്‍ തേടി ഡി.എം.ഡി.കെ സമീപിച്ചതായി ഡി.എം.കെ അറിയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈക്ക് സമീപം സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തപ്പോള്‍ ഡി.എം.ഡി.കെ വിട്ടു നിന്നിരുന്നു. സീറ്റ് പങ്കുവെക്കലില്‍ തീരുമാനമാകാത്തതായിരുന്നു ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായത്.
സഖ്യത്തിന്റെ ഭാഗമായ ബി.ജെ.പി അഞ്ചു സീറ്റുകളിലും പട്ടാളി മക്കള്‍ കക്ഷി ഏഴ് സീറ്റിലും പുതിയ തമിഴകം(പി.ടി), എന്‍.ജെ.പി, എന്‍.ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ഒരോ സീറ്റിലും മല്‍സരിക്കും. ഏപ്രില്‍ 18നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്.
ഇത് മൂന്നാം തവണയാണ് തമിഴ്‌നാട്ടില്‍ ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. 1998 മുപ്പത് സീറ്റ് നേടിയ സഖ്യം 2004ല്‍ എല്ലാ സീറ്റും തോറ്റിരുന്നു.