തിരുവനന്തപുരം: പകുതി വില തട്ടിപ്പില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പരാതി. പ്രസ് ക്ലബിലെ അംഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നാണ് പരാതി.
വാഗ്ദാനത്തെ തുടര്‍ന്ന് 150 ഓളം പേര്‍ സ്‌കൂട്ടറിനായി രജിസ്റ്റര്‍ ചെയ്തെന്നും പരാതിയില്‍ പറയുന്നു. 2024 ജനുവരി 25ന് നടന്ന പ്രസ് ക്ലബ് കുടുംബമേളക്കിടെയാണ് രാധാകൃഷ്ണന്‍ വാഗ്ദാനം നല്‍കിയത്.
പരാതിയില്‍ പ്രസ് ക്ലബ് ഭാരവാഹികളെ പൊലീസ് ചോദ്യം ചെയ്യും. പ്രസ് ക്ലബിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കിയെന്ന, സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പില്‍ പിടിയിലായ പ്രതി അനന്ദ കൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാൽ കൂടിയാണ് നടപടി.
പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന കരാറില്‍ പ്രസ് ക്ലബും ആനന്ദ കൃഷ്ണയും ഒപ്പിട്ടെന്ന വിവരവും പരാതിയിൽ പറയുന്നു. 2024 മാര്‍ച്ച് 20നാണ് ഇരുഭാഗവും കരാറില്‍ ഒപ്പിട്ടത്.
എം. രാധാകൃഷ്ണനെതിരെ പ്രസ് ക്ലബ് മുന്‍ സെക്രട്ടറി കെ.എന്‍. സാനു മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുകയായിരുന്നു.
രാധാകൃഷ്ണന്റെ പ്രത്യേക താത്പര്യ പ്രകാരമായിരുന്നു കരാറെന്നാണ് ആരോപണം. കരാര്‍ സംബന്ധിച്ച നീക്കങ്ങള്‍ മറ്റു ഭാരവാഹികള്‍ അറിഞ്ഞിരുന്നില്ലെന്നും കരാറില്‍ നിന്ന് ഈ ഭാരവാഹികള്‍ പിന്മാറുകയും ചെയ്തിരുന്നതായാണ് വിവരം.
ഇന്നലെ (വെള്ളി) പകുതി വില തട്ടിപ്പില്‍ എം.എല്‍.എ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തിരുന്നു. പെരിന്തല്‍മണ്ണ പൊലീസാണ് എം.എല്‍.എക്കെതിരെ കേസെടുത്തത്.
പുലാമന്തൂര്‍ സ്വദേശി അനുപമയുടെ പരാതിയിലായിരുന്നു നടപടി. സി.എസ്.ആര്‍ ഫണ്ട് വഴി പകുതി വിലയ്ക്ക് വാഹനം, തയ്യല്‍ മെഷീന്‍ എന്നിവ നല്‍കുമെന്ന എം.എല്‍.എയുടെ ഉറപ്പില്‍ പണം നല്‍കിയെന്നാണ് പരാതി.
വഞ്ചനാകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നജീബ് കാന്തപുരത്തിനെതിരെ പൊലീസ് കേസെടുത്തത്. ഇതിനെ തുടര്‍ന്നാണ് സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
Content Highlight: csr fund Scam; Complaint against Thiruvananthapuram Press Club secratary M.Radhakrishnan also