|

പാതിവില തട്ടിപ്പ്; പണം തിരികെ നൽകി, എം.എല്‍.എ നജീബ് കാന്തപുരത്തിനെതിരായ കേസ് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരിന്തല്‍മണ്ണ: സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പില്‍ എം.എല്‍.എ നജീബ് കാന്തപുരത്തിനെതിരായ കേസ് പിന്‍വലിച്ചു. എം.എല്‍.എയുടെ നേതൃത്വത്തിലുള്ള മുദ്ര ഫൗണ്ടേഷന്‍ പരാതിക്കാരിക്ക് പണം തിരികെ നല്‍കിയതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചത്.

പണം ലഭിച്ചതിന് പിന്നാലെ പരാതിക്കാരി സ്റ്റേഷനിലെത്തി തുടര്‍നടപടികള്‍ക്ക് താത്പര്യമില്ലെന്ന് എഴുതി നല്‍കുകയായിരുന്നു. പുലാമന്തോള്‍ സ്വദേശി അനുപമയുടെ പരാതിയില്‍ എം.എല്‍.എക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിരുന്നു.

ഫെബ്രുവരി ഏഴിനാണ് എം.എല്‍.എക്കെതിരെ അനുപമ പരാതി നല്‍കിയത്. തുടര്‍ന്ന് വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നജീബ് കാന്തപുരത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നജീബ് കാന്തപുരത്തിന് പുറമെ അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറിക്കുമെതിരെയും കേസെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മുദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് വഴി അപേക്ഷ നല്‍കിയ നൂറിലേറെ പേര്‍ പറ്റിക്കപ്പെട്ട വിവരം പുറത്തായതോടെ എം.എല്‍.എക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആരോപണങ്ങളില്‍ നജീബ് കാന്തപുരം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എയുടെ ഓഫീസിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. അതേസമയം നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.

‘നാഷണല്‍ എന്‍.ജി.ഒ ഫെഡറേഷന്‍’ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും രാജ്യത്തെ വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് ഇടുക്കി സ്വദേശി അനന്ദു കൃഷ്ണന്റെ തട്ടിപ്പ് നടത്തിയത്.

സംസ്ഥാനത്തുടനീളമായി സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പാതിവില തട്ടിപ്പില്‍ ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് വനിതാ നേതാവ് ലാലി വിന്‍സെന്റ്, മുന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ പേരില്‍ ആരോപണങ്ങളും കേസുകളുമുണ്ട്.

Content Highlight: csr fund scam; Case against MLA Najeeb Kanthapuram withdrawn